തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക് ആയ തിരുവനന്തപുരം ടെക്‌നോപാർക്കിന് മികച്ച വളർച്ചാ നിരക്കിനുള്ള ക്രിസിൽ (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഇന്ത്യ) റേറ്റിംഗിൽ എ ഗ്രേഡ്. ജൂണിൽ പുറത്തിറക്കിയ ഏറ്റവും പുതിയ റേറ്റിംഗിലാണ്, കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഐ.ടി പാർക്കായി ടെക്‌നോപാർക്ക് മാറിയത്.
എ ഗ്രേഡ് ലഭിച്ചതോടെ ആഗോള തലത്തിൽ വിശ്വാസ്യത വർദ്ധിച്ച ടെക്നോപാർക്കിൽ കൂടുതൽ വിദേശകമ്പനികൾ നിക്ഷേപം നടത്താനെത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്‌പകൾ ലഭിക്കാനും അവസരമൊരുങ്ങും. ടെക്‌നോപാർക്കിന്റ്രെ വലിയ നേട്ടങ്ങളിലൊന്നാണ് ക്രിസിൽ എ ഗ്രേഡോടെ സാമ്പത്തികസ്ഥിരത പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതെന്നും ഇത് കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്നും സി.ഇ.ഒ ഋഷികേശ് നായർ പറഞ്ഞു.