lawyer-

പൂനെ: പനീർ ബട്ടർ മസാല ഓർഡർ ചെയ്ത വ്രതത്തിലായ അഭിഭാഷകന് ബട്ടർ ചിക്കൻ നൽകിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോയ്ക്കും 55000 രൂപ പിഴ. പൂനെയിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് അഭിഭാഷകനായ ഷൺമുഖ് ദേശ്മുഖിന്റെ ഹർജിയിൽ വിധി പുറപ്പെടുവിച്ചത്. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്തെങ്കിലും കാരണവശാൽ തുക നൽകാൻ വൈകിയാൽ 10 ശതമാനം പലിശകൂടി നൽകേണ്ടി വരും. തന്റെ വ്രതം അവസാനിപ്പിക്കാനായി മേയ് 31ന് അഭിഭാഷകൻ പനീർ ബട്ടർ മസാല ഓർഡർ ചെയ്തു. രണ്ട് വിഭവങ്ങളുടേയും നിറം ഒരുപോലെയായതിനാൽ ഇദ്ദേഹത്തിന് കറി മാറിയ കാര്യം മനസിലായില്ല. അത് കഴിച്ച ശേഷമാണ് അഭിഭാഷകൻ ഇക്കാര്യം തിരിച്ചറിഞ്ഞത്.

ഇതേക്കുറിച്ച് ഹോട്ടലിനോടും സൊമാറ്റോ ഡെലിവറി ബോയിയോടും പരാതി പറഞ്ഞെങ്കിലും രണ്ടാം തവണയും ബട്ടർ ചിക്കനാണ് കൊണ്ടുവന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം തന്റെ വിിശ്വാസത്തെ വേദനിപ്പിക്കും വിധം മനപ്പൂർവ്വം മാംസാഹാരം വിളമ്പിയെന്ന് കാട്ടി മറ്റൊരു അഭിഭാഷകൻ മുഖേന പരാതി നൽകി.

ഇതിന് സൊമാറ്റോയുടെ ഭാഗത്ത് നിന്നോ ഹോട്ടലിന്റെ ഭാഗത്ത് നിന്നോ മറുപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ദേശ്മുഖ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൊമാറ്റോയ്‌ക്കെതിരെ കൺസ്യൂമർ ഫോറത്തെ സമീപിച്ചത്. വിഭവത്തിന് പരാതിക്കാരൻ നൽകിയ പണം തിരിച്ച് കൊടുത്തെന്നും കമ്പനിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെറ്റായ വിഭവം നൽകിയതിന്റെ ഉത്തരവാദിത്തം ഹോട്ടലിനാണെന്നും സൊമാറ്റോയുടെ വാദിച്ചു.