ചാനൽ പുറത്തുവിട്ട ചിത്രങ്ങൾ ആധികാരികമെന്ന് ഇന്ത്യൻ ഇന്റലിജൻസ്
ന്യൂഡൽഹി: പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞു: ദാവൂദ് കറാച്ചിയിലുണ്ട്. അതും, അറുപത്തിമൂന്നാം വയസിലും ആരോഗ്യവാനായി.
രണ്ടര പതിറ്രാണ്ടായി ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി പാക് സംരക്ഷണയിലുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങൾ സീ ന്യൂസ് പുറത്തുവിട്ടു.
1993-ലെ മുംബയ് സ്ഫോടന പരമ്പര കേസിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് ദാവൂദിനെ ഇന്ത്യ അന്വേഷിക്കുന്നത്. പാകിസ്ഥാൻ ആകട്ടെ, 'ബിഗ് ഡി' തങ്ങളുടെ രാജ്യത്തില്ലെന്ന് നിരന്തരം ആവർത്തിക്കുന്നു. അതിനിടെയാണ്, കൂട്ടാളിയായ ജാബിർ മോട്ടിവാലയുമൊത്ത് ദാവൂദ് സംസാരിച്ചിരിക്കുന്ന ചിത്രം വാർത്താചാനൽ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആധികാരികത ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചതോടെ, ഇന്ത്യയും പാകിസ്ഥാനുമായി പുതിയ പോരിനാണ് വഴിതുറക്കുന്നത്.
2018 ആഗസ്റ്റിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശമനുസരിച്ച് ബ്രിട്ടന്റെ സ്കോട്ട്ലൻഡ്യാർഡ് പൊലീസ് ജാബിറിനെ അറസ്റ്ര് ചെയ്തിരുന്നു. വിചാരണയ്ക്കായി ഇയാളെ വിട്ടുകിട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഡി- കമ്പനി തലവനായ ദാവൂദ് കറാച്ചിയിലുണ്ടെന്ന് ജാബിർ ബ്രിട്ടീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എഫ്.ബി.ഐ പറയുന്നു.
ദാവൂദ്
മുഴുവൻ പേര്: ദാബൂദ് ഇബ്രാഹിം കസ്കർ, 63 വയസ്
മുംബയ് അധോലോക നായകൻ.
1993 ലെ മുംബയ് സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ. കൊല്ലപ്പെട്ടത് 257 പേർ.
ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം, ഭീകരർക്ക് സാമ്പത്തിക സഹായം, മയക്കുമരുന്ന് കള്ളക്കടത്ത്.
2003 ൽ ഇന്ത്യ ആഗോള ഭീകര പട്ടികയിൽപ്പെടുത്തി.
2011 മുതൽ ലോകത്തെ 10 കൊടുംഭീകരരുടെ എഫ്.ബി.ഐ പട്ടികയിൽ.
ദാവീദിന്റെ തലയ്ക്ക് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്: 2.5 കോടി ഡോളർ
സ്വദേശം മഹാരാഷ്ട്ര. അച്ഛൻ ഇബ്രാഹിം കസ്കർ മുംബയ് പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നു
ഡി കമ്പനി
സ്കൂൾ കാലത്തേ പഠനം നിറുത്തിയ ദാവൂദ് വളർന്നത് മുംബയ് ഡോംഗ്രിയിൽ.
അധോലോക നായകൻ ഹാജി മസ്താനുമായി സൗഹൃദം. പിന്നീട് സംഘാംഗം.
മസ്താന്റെ ഗ്രൂപ്പ് ദാവൂദിന്റെ രണ്ട് കൂട്ടാളികളെ വെടിവച്ചു കൊല്ലുന്നു.
മസ്താനുമായി പിരിഞ്ഞ ദാവൂദ് സഹോദരൻ ഷാബിറുമായി ചേർന്ന് ഡി- കമ്പനിക്ക് രൂപം നൽകി
ദക്ഷിണേഷ്യ, മധ്യപൂർവ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കള്ളക്കടത്ത്
ബ്രിട്ടനിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കും മയക്കുമരുന്ന് കള്ളക്കടത്ത്
ദാവൂദ് ഒളിവിലായ ശേഷം ഡി- കമ്പനി നിയന്ത്രിക്കുന്നത് വിശ്വസ്തൻ ജാബിർ മോട്ടിവാല