തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തതാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ.
കഴിഞ്ഞവർഷം നവംബറിലാണ് പ്രവാസിചിട്ടി വരിസംഖ്യ പിരിച്ചുതുടങ്ങിയത്. ഏഴുമാസം കൊണ്ട് 50 കോടി ചിട്ടിതവണ പിരിച്ചു. 240 ചിട്ടികളുണ്ട്. ആയിരം പേർക്ക് ചിട്ടിത്തുക കിട്ടി. കാലാവധിയാകുമ്പോഴേക്കും വിറ്റുവരവ് 310 കോടിയാകും. ഓരോ ചിട്ടി തുടങ്ങുമ്പോഴും കിട്ടുന്ന ആദ്യഗഡു ബോണ്ടായി കിഫ്ബിയിലെത്തും. ചിട്ടി പിടിച്ചവർക്കും കിഫ്ബിയിൽ സ്ഥിരനിക്ഷേപം നടത്താം. അതിന് പലിശ നൽകും. കൂടാതെ ചിട്ടിത്തവണയായി കെ.എസ്.എഫ്.ബിക്ക് കിട്ടുന്ന തുക ഫ്‌ളോട്ട്ഫണ്ടായി കിഫ്ബിക്ക് ഒരു നിശ്ചിതസമയത്തേക്ക് ഉപയോഗിക്കാം. കിഫ്ബിക്ക് ഇതിനകം 25 കോടി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.