തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ നിർദ്ദേശിച്ചുള്ള സർക്കാർ ഉത്തരവ് നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയെ രക്ഷിച്ചെടുക്കുന്നതിനുള്ള കുരുട്ടുവിദ്യയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചട്ടലംഘനങ്ങൾ അടിയന്തരമായി പരിഹരിച്ചാൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ മാത്രമാണ് സർക്കാർ ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത് വിചിത്രമാണ്. ചട്ടലംഘനം പരിഹരിച്ചാൽ അനുമതി നൽകുന്നതിന് സർക്കാർ പ്രത്യേകിച്ച് ഉത്തരവിടേണ്ടതുണ്ടോ? കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കാൻ നഗരസഭ മനഃപൂർവെ കുത്തിപ്പൊക്കിയ തടസവാദങ്ങൾക്കെല്ലാം സർക്കാർ അംഗീകാരം നൽകുകയും അവ പരിഹരിക്കാൻ കൺവെൻഷൻ സെന്റർ ഉടമയോട് ആവശ്യപ്പെടുകയുമാണ്. സാജന്റെ ജീവത്യാഗത്തിന് പോലും സർക്കാർ വില കല്പിക്കുന്നില്ല. അനുമതി നൽകാതിരിക്കാൻ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ് നിരുപാധികമായി ലൈസൻസ് നൽകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.