mercykkuttyamma

കൊല്ലം: കാഷ്യൂ ബോർഡ് ഇനി മുതൽ തോട്ടണ്ടി വാങ്ങുന്നത് ഇ ടെൻഡർ വഴി മാത്രമായിരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ കൊല്ലം പ്രസ്ക്ളബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോട്ടണ്ടി ഉത്പാദിപ്പിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്കും ടെൻഡറിൽ പങ്കെടുക്കാനാവും വിധം ഇന്ത്യൻ ഐ.ടി ആക്ടിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാഷ്യൂ ബോർഡിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രധാനമായിരുന്നു ഇ ടെൻഡർ വ്യവസ്ഥയിലല്ലാതെ തോട്ടണ്ടി വാങ്ങിയെന്നത്. സീൽഡ് ടെൻഡറിലൂടെ തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിക്കുകയും നിയമസഭയിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്ന് തോട്ടണ്ടി വാങ്ങാൻ ഇ ടെൻഡർ ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിരുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില്പനയും വാങ്ങലും ഇ ടെൻഡർ മുഖേന മാത്രമേ പാടുള്ളുവെന്ന് സെൻട്രൽ വിജിലൻസിന്റെ നിബന്ധനയുണ്ട്. നിലവിൽ ഇന്ത്യൻ ഐ.ടി ആക്ട് പ്രകാരം വിദേശത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ നടക്കുന്ന ഇ ടെൻഡറിൽ പങ്കെടുക്കാനാവില്ല. ഇവ മറികടക്കാനെന്ന് പറഞ്ഞായിരുന്നു പ്രത്യേക ഉത്തരവ് നേടിയത്.

ടെൻഡറിൽ പങ്കെടുക്കുന്ന വിദേശികൾക്കും ഡിജിറ്റൽ സിഗ്നേച്ചർ രേഖപ്പെടുത്താനാവും വിധം ഐ.ടി ആക്ടിൽ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. ഇപ്പോൾ ഘാനയിൽ നിന്ന് തോട്ടണ്ടി ഇ ടെൻഡർ വഴിയാണ് വാങ്ങിയത്. നാടൻ തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് കാപ്പക്സ് എം.ഡിയെ സസ്പെൻഡ് ചെയ്ത നടപടിയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. കാപ്പക്സിൽ തോട്ടണ്ടി വാങ്ങുന്നതിൽ ഡയറക്ടർ ബോർഡിന് ഉത്തരവാദിത്വമില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.