തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ നൽകിയ പരാതി ഉപതിരഞ്ഞെടുപ്പിന് തടസമാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കോൺഗ്രസിന്റെ കെ.മുരളീധരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റംഗം ആയതിനെതുടർന്ന് എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെ.മുരളീധരൻ നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം കൃത്യമായി നല്‍കിയിരുന്നില്ല എന്ന് കാണിച്ച് അന്നത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഉപതിരഞ്ഞെടുപ്പിന് തടസമാകില്ലെന്ന് നിയമോപദേശം ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
അതേസമയം, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നല്‍കിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തിന് കാരണം.
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് നാല് എം.എൽ.എമാരാണ് വിജയിച്ചത്. ഇവർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് കൂടാതെ നിയമസഭാ സമാജികർ അന്തരിച്ച രണ്ട് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കം. ഇതുൾപ്പെടെ ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.