ഈ ലോകകപ്പിൽ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായെങ്കിലും അവർ പുറത്തെടുത്ത പോരാട്ട വീര്യവും ഷാക്കിബ് അൽ ഹസൻ എന്ന അവരുടെ മുന്നണിപ്പോരാളിയുടെ മാസ്മര പ്രകടനവും ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇത് ഷാക്കിബിന്റെ ലോകകപ്പായിരുന്നു. ബാറ്രുകൊണ്ടും ബാളുകൊണ്ടും അയാൾ പുറത്തെടുത്ത മിന്നലാട്ടങ്ങൾ തന്നെ അതിന് തെളിവ്. എന്തു കൊണ്ടാണ് താൻ ലോകത്തെ ഒന്നാം നമ്പർ ആൾറൗണ്ടറായി എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു ഷാക്കിബ് ഈ ലോകകപ്പിലൂടെ. ഒരു ലോകകപ്പിൽ അറുന്നൂറിലധികം റൺസും പത്തുവിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കാഡുമായാണ് ഷാക്കിബ് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങുന്നത്. ഒരു ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിൻ ടെൻഡുൽക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. 8 മത്സരങ്ങളിൽ നിന്ന് 5 അർദ്ധ സെഞ്ച്വറിയും 2 സെഞ്ച്വറിയും ഉൾപ്പെടെ 606 റൺസാണ് ഷാക്കിബ് നേടിയത്. ബൗളിംഗിൽ 11 വിക്കറ്രും സ്വന്തമാക്കി. സച്ചിന് ശേഷം ലോകകപ്പിൽ 7 ഇന്നിംഗ്സുകളിൽ അമ്പതിലധികം റൺസ് നേടുന്ന ആദ്യതാരമാണ് ഷാക്കിബ്. ലോകകപ്പിലാകെ 12 ഇന്നിംഗ്സുകളിൽ അമ്പതിലധികം റൺസ് നേടിയ ഷാക്കിബ് ഈ നേട്ടത്തിൽ കുമാർ സംഗക്കാരയ്ക്കൊപ്പമാണ്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡ് സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് സ്വന്തമാക്കാനും ഷാക്കിബിനായി. 2003ലെ ലോകകപ്പിൽ സച്ചിൻ ഗ്രൂപ്പ് സ്റ്റേജിൽ 586 റൺസാണ് നേടിയത്.
മത്സരം -8
റൺസ് -606
സെഞ്ച്വറി - 2
അർദ്ധ സെഞ്ച്വറി-5
ടോപ് സ്കോർ-124 (പുറത്താകാതെ)
ബാറ്രിംഗ് ആവറേജ്- 86.57
സ്ട്രൈക്ക് റേറ്ര് -96.03
വിക്കറ്റ് -11
മികച്ച ബൗളിംഗ് -5/26
ബൗളിംഗ് ആവറേജ് - 36.27
ക്യാച്ച് -3
ഷാക്കിബിന്റെ കാര്യത്തിൽ എനിക്ക് നിരാശയും ദു:ഖവുമുണ്ട്. ഇത്രയും മനോഹരമായി കളിച്ചിട്ടും അദ്ദേഹത്തിന് സെമികളിക്കാൻ അവസരമൊരുക്കാൻ ടീമിനായില്ലല്ലോ എന്നോർത്ത് വലിയ വിഷമമുണ്ട്. എനിക്ക് മാത്രമല്ല മുഴുവൻ ടീമിനും ഇക്കാര്യത്തിൽ സങ്കടമുണ്ട്.
പാകിസ്ഥാനെതിരായ മത്സര ശേഷം
ബംഗ്ലാദേശ് ക്യാപ്ടൻ മൊർത്താസ പറഞ്ഞത്