rahul

പാട്ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് സൂചിപ്പിച്ച് നടത്തിയ പരാമർശത്തിനെതിരെ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരായാണ് സുശീൽകുമാർ മോദി കോടതിയെ സമീപിച്ചത്. പാട്‌ന കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി ജാമ്യമെടുത്തത്. തിരഞ്ഞെടുപ്പ് വേളയിൽ ഏപ്രിൽ13 ന്,​ കർണാടകയിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിച്ച രാഹുൽ,​ കള്ളന്മാരുടെയെല്ലാം പേരുകളിൽ മോദിയെന്ന് ഉണ്ടെന്നായിരുന്നു പറഞ്ഞത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരിൽ മോദിയുണ്ട്. ഇനിയും എത്ര മോദിമാരുണ്ടെന്ന് പറയാൻ കഴിയില്ല" ഇതായിരുന്നു നരേന്ദ്ര മോദിക്കെതിരായ പരാമർശം.

അതേസമയം, ആർ.എസ്.എസിനേയും മോദിയേയും എതിർക്കുന്നവരെയെല്ലാം കേസുകളിൽപ്പെടുത്തുകയാണെന്ന് ജാമ്യം നേടി പുറത്തുവന്ന ശേഷം രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നീക്കങ്ങൾ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല. ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കർഷകരുടേയും അവകാശങ്ങൾ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.

 സിനിമ കണ്ട്, പോപ്കോൺ കൊറിച്ച് രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് എല്ലാ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ് രാഹുൽ ഗാന്ധി മൾട്ടിപ്ലക്‌സ് തിയേറ്ററിൽ സിനിമ കാണുന്ന ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറൽ. സുരക്ഷാ സംവിധാനങ്ങൾക്കു നടുവിലല്ലാതെ, പാർട്ടി നേതാക്കളുടെ കൂടെയല്ലാതെ പോപ്കോൺ കൊറിച്ച് സിനിമ കാണാനെത്തിയ രാഹുലിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിലെ യശ്വന്ത് പാലസിലെ പി.വി.ആർ ചാണക്യയിൽ 'ആർട്ടിക്കിൾ 15' എന്ന സിനിമ കാണാൻ ബുധനാഴ്ച വൈകിട്ടാണ് രാഹുൽ എത്തിയത്. ഇടയ്ക്ക് തൊട്ടടുത്തിരുന്നയാളോട് കുശലം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വി.ഐ.പി ചിട്ടവട്ടങ്ങളില്ലാതെ ചുറ്റുമുള്ളവരെപ്പോലെ പെരുമാറുന്ന രാഹുലിന്റെ ചിത്രം ദേശീയ മാദ്ധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞുകൊണ്ടുള്ള ഔദ്യോഗിക രാജിക്കത്ത് രാഹുൽ നൽകിയത്.