കോട്ടയം : മുതിർന്ന നേതാവ് സി.എഫ്. തോമസ് കേരള കോൺഗ്രസ് ചെയർമാനാകുമെന്നു പി.ജെ.ജോസഫ്. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വിധിക്ക് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ.മാണിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയാലും അംഗീകരിക്കുമെന്നും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിലെ പി.ജെ.ജോസഫ് അനുകൂല നേതാക്കളുടെ യോഗത്തിന് ശേഷം ജോസഫ് വ്യക്തമാക്കി.
ഇരുപത്തിയേഴംഗ സമിതിയിലെ പതിനഞ്ചിലേറെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി പി.ജെ.ജോസഫ് പറഞ്ഞു. പി.ജെ.ജോസഫിനു പുറമേ സി.എഫ്.തോമസ് എം.എൽ.എയും മുതിർന്ന നേതാവ് ജോയ് എബ്രഹാമും യോഗത്തിനെത്തി. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികളുടെ നേതൃയോഗം ചേർന്നത്.
അതേസമയം, കേരള കോൺഗ്രസിന്റെ ഭരണഘടന നേതാക്കൾ പഠിക്കണമെന്ന് ജോസ് കെ.മാണി പറഞ്ഞു. ആക്ടിംഗ്, വർക്കിംഗ് ചെയർമാൻ സ്ഥാനങ്ങൾ ഭരണഘടനാപരമല്ല. താത്കാലിക ചെയർമാനും ഭരണഘടനയിൽ ഇല്ല. കേരള കോൺഗ്രസ് എം മുന്നോട്ടു പോകും. യഥാർഥ പാർട്ടി ഏതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കട്ടേയെന്നും ജോസ് കെ. മാണി പറഞ്ഞു.