 മലേഷ്യൻ പ്രധാനമന്ത്രിയുമായി എം.എ. യൂസഫലി കൂടിക്കാഴ്‌ച നടത്തി

കോലാലംപൂർ: മലേഷ്യയിൽ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് പത്തു ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുന്നു. ജോഹർ ബാഹ്രു, മലാക്ക, കേത, സെലാങ്കൂർ എന്നിവിടങ്ങളിലായാണ് 2021ഓടെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതോടെ 5,000ലേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതീർ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

പുതിയ ഹൈപ്പർ മാർക്കറ്റുകൾക്കായി മൂന്നുവർഷത്തിനകം 2,100 കോടി രൂപ മലേഷ്യയിൽ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും. അനുബന്ധമായി കേന്ദ്രീകൃത ലോജിസ്‌റ്രിക് സെന്ററും വെയർഹൗസും ആരംഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം 65 കോടി രൂപ മതിക്കുന്ന ഉത്‌പന്നങ്ങൾ മലേഷ്യയിൽ നിന്ന് ലുലു ഗ്രൂപ്പ് കയറ്റുമതി ചെയ്‌തിരുന്നു. നടപ്പുവർഷം ഇത്, 100 കോടി രൂപ കവിയും. മലേഷ്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു.

നിലവിൽ രണ്ട് ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിന് മലേഷ്യയിലുള്ളത്. ആദ്യ ഹൈപ്പർ മാർക്കറ്ര് തുറന്നത് 2016ലാണ്. രണ്ടാം ഹൈപ്പർ മാർക്കറ്ര് കഴിഞ്ഞവാരവും തുറന്നു. കോലാലമ്പൂർ പുത്രജയയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യാലയത്തിൽ നടന്ന കൂടിക്കാഴ്‌ചയിൽ ലുലു ഗ്രൂപ്പ് ഡയറക്‌ടർ എം.എ. സലിം, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്, ലുലു മലേഷ്യ ഡയറക്‌ടർ ആസിഫ് മൊയ്‌തു, റീജിയണൽ മാനേജർ ഷിഹാബ് യൂസഫ് എന്നിവരും സംബന്ധിച്ചു.