ആഗ്ര: ബി.ജെ.പി എം.പിയുടെ സുരക്ഷാജീവനക്കാർ ടോൾ പ്ലാസ ജീവനക്കാരെ മർദ്ദിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ എം.പി.ക്കെതിരെ പൊലീസ് കേസെടുത്തു. ഇറ്റാവയിലെ ബി.ജെ.പി എം.പി രാം ശങ്കർ കതേരിയക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ടോൾപ്ലാസ ജീവനക്കാർ മർദ്ദിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആകാശത്തേക്ക് വെടിവച്ചതെന്നാണ് എം.പിയുടെ വിശദീകരണം.
ആഗ്രയിലെ ടോൾപ്ലാസയിൽ ഇന്നലെ പുലർച്ചെ 3.52 ഓടെയായിരുന്നു സംഭവം. പൊലീസ് ഓഫീസറുടെ സാന്നിധ്യത്തിൽ രാം ശങ്കർ കതേരിയയുടെ സുരക്ഷാ ജീവനക്കാർ ടോൾപ്ലാസ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാകുന്നതിനിടെ സുരക്ഷാജീവനക്കാരിലൊരാൾ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു.ഇതിന് പിന്നാലെ ബി.ജെ.പി.പ്രവർത്തകരിലൊരാൾ ടോൾപ്ലാസ ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിരുന്നു.