dhinu-

അഹമ്മദാബാദ്: ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകൻ അമിത് ജേത്‌വയുടെ കൊലപാതകത്തിൽ ബി.ജെ.പി മുൻ എം.പി ദിനു ബോഗ സോളങ്കി അടക്കം ഏഴ് പേർ കുറ്റക്കാരെന്ന് കോടതി. പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 11 ന് പ്രഖ്യാപിക്കും. തുടക്കത്തിൽ അഹമ്മദാബാദ് ഡിറ്റെക്ഷൻ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ആറ് പേർക്കെതിരെ സമർപ്പിച്ച കുറ്റപ്പത്രത്തിൽ ദിനു സോളങ്കിയുടെ പേര് ഒഴിവാക്കി,​

ദിനുവിന്റെ അനന്തരവൻ ശിവ സോളങ്കി, ശൈലേഷ് പാണ്ഡ്യ, ബഹാദൂർ സിൻഹ് വദെർ,​ പാഞ്ചൻ ജി ദേശായി, സജ്ഞയ് ചൗഹാൻ,​ ഉദാജി താക്കറെ എന്നിവരുടെ പേരുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദിനു സോളങ്കിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ജേത്‌വയുടെ പിതാവ് ഭികാഭായ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ സാക്ഷികളെ ബി.ജെ.പി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളിൽ പലരും കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പുനർവിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്.

2010 ജൂലായ് 20ന് ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേത്‌വ വെടിയേറ്റ് മരിച്ചത്. ആ സമയത്ത് ജുനഗഡിൽ നിന്നുള്ള എം.പിയായിരുന്നു സോളങ്കി. ഗിർ വനത്തിൽ ദിനു സോളങ്കി നടത്തുന്ന അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജേത്‌വ കൊല്ലപ്പെട്ടത്. കേസിന്റെ വിസ്താരത്തിനിടയിൽ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരിൽ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിന്നീട് 2013 ൽ സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേർക്കുകയായിരുന്നു.