കൊൽക്കത്ത: ജയ്ശ്രീറാം വിളിച്ചതിന് മർദ്ദനേറ്റ പ്രവർത്തകൻ കൊല്ലപ്പെട്ടതായി ബി.ജെ.പിയുടെ ആരോപണം. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ സ്വരൂപ് നഗറിലെ ബി.ജെ.പി പ്രവർത്തകൻ കൃഷ്ണ ദേബ്നാഥാണ് മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച വൈകിട്ട് മർദ്ദനമേറ്റ് റോഡരികിൽ കിടന്ന ഇയാളെ കൊൽക്കത്തയിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ബന്ധുക്കൾ പറയുന്നു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം തൃണമൂൽ കോൺഗ്രസ് നേതൃത്വം ഈ വാദം തള്ളി. കൃഷ്ണ ദേബ്‌നാഥ് മദ്യപിച്ച് ലക്കുകെട്ട് റോഡിലൂടെ നടന്നുപോയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും, ഇതേ തുടർന്ന് നാട്ടുകാരായ ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് അവർ അറിയിച്ചത്.