തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭാ ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നഗരസഭകളിലും കോർപ്പറേഷനുകളിലും വരുന്ന വിവരാവകാശ അന്വേഷണങ്ങളിൽ കാലതാമസം കൂടാതെ മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി)യിൽ ശില്പശാല സംഘടിപ്പിച്ചത്. ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വിൻസൺ എം.പോൾ മുഖ്യപ്രഭാഷണം നടത്തി. വിവരാവകാശ രേഖകൾ നൽകുന്നതിൽ ഏറ്റവുമധികം കാലതാമസം വരുന്നത് നഗരസഭാ ഓഫീസുകളിലാണെന്നും ഇത് പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഭരണനിർവഹണത്തിൽ വിവരാവകാശ രേഖകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവ കുറ്റമറ്റതായി കൈകാര്യം ചെയ്യേണ്ട ആവശ്യകതയെപ്പറ്റിയും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. ഇൻഫർമേഷൻ കമ്മീഷണർമാരായ സോമനാഥൻ പിള്ള, ഡോ.വിവേകാനന്ദൻ, കെ.വി സുധാകരൻ, ശ്രീലത തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. സെഷനുകൾക്കു ശേഷം ഇൻഫർമേഷൻ കമ്മീഷണർമാരും നഗരസഭ ഓഫീസർമാരും തമ്മിലുള്ള ചോദ്യേത്തര പരിപാടിയും നടന്നു. 14 ജില്ലകളിലെയും നഗരസഭകളെ പ്രതിനിധീകരിച്ച് 200 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.