jeff-

ലണ്ടൻ: ആമസോൺ മേധാവിയും ലോകകോടീശ്വരനുമായ ജെഫ് ബെസോസും ഭാര്യ മക്കെൻസിയും തമ്മിലുള്ള വിവാഹമോചന ഹർജിയിൽ തീരുമാനമായി. ബെസോസ് 3800 കോടി ഡോളർ (ഏകദേശം 2.6 ലക്ഷം കോടി രൂപ) മക്കെൻസിക്ക് നൽകാമെന്ന ഉറപ്പിന്മേലാണ് കേസ് വെള്ളിയാഴ്ച ഒത്തുതീർന്നത്. ഇതോടെ, മക്കെൻസി ബ്ലൂബെർഗിന്റെ കോടീശ്വരപ്പട്ടികയിൽ 22-ാം സ്ഥാനത്തെത്തും. മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിത എന്ന പേരും മക്കെൻസിക്ക് സ്വന്തം. അതേസമയം, ഇപ്പോൾ ഉള്ളതിന്റെ 12 ശതമാനം ആസ്തി മാത്രം ശേഷിച്ചാലും ജെഫ് തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.

തങ്ങൾ വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്ന വിവരം ജെഫ് ബെസോസും ഭാര്യ മക്കെൻസിയും ഇക്കഴിഞ്ഞ ജനുവരിയിലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പക്ഷേ, ഏപ്രിലിലാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. കോടതി വിവാഹമോചനം അംഗീകരിക്കുന്ന മുറയ്ക്ക് ആമസോൺ കമ്പനിയുടെ 19.7 മില്യൺ ഓഹരി ഭാര്യയുടെ പേരിലാക്കുമെന്ന് ജെഫ് അറിയിച്ചിരുന്നു. ഇതോടെ കമ്പനിയുടെ നാലു ശതമാനം ഓഹരിയാണ് മക്കെൻസിയുടെ കൈകളിലെത്തുക.

വിവാഹമോചിതരാകുന്നവർക്ക് പരസ്പരധാരണയിൽ എത്താനായില്ലെങ്കിൽ സ്വത്ത് തുല്യമായി വീതം വയ്ക്കണമെന്നാണ് വാഷിംഗ്ടണിലെ വിവാഹമോചന വ്യവസ്ഥ. എന്നാൽ മൊത്തം സമ്പത്തിന്റെ 25 ശതമാനം നൽകാമെന്ന ഉടമ്പടി ഇരുവരും അംഗീകരിക്കുകയായിരുന്നു. അതേസമയം, തനിക്കു ലഭിക്കുന്ന സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കാനാണ് മക്കെൻസിയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ വളര്‍ച്ചയ്ക്കു പിന്നിൽ ഇരുവരുടെയും പ്രയത്‌നമാണ്. 1993ൽ വിവാഹിതരായ ഇവർക്ക് നാലു മക്കളുണ്ട്.