കോപ്പ അമേരിക്കയിൽ ബ്രസീൽ - പെറു ഫൈനൽ പോരാട്ടം
മാറക്കാന: കോപ്പ കിരീടത്തിന്റെ പുതിയ അവകാശി ആരെന്നറിയാൻ ഇനി ഒരു പകൽ ദൂരം മാത്രം.
ഇന്ന് രാത്രി നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ പെറുവിനെ നേരിടും. മാറക്കാനയിൽ ഇന്ത്യൻ സമയം വൈകിട്ട് 1.30 മുതലാണ് മത്സരം. സെമിയിൽ അർജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീൽ കലാശപ്പോരിന് യോഗ്യത നേടിയത്. പെറു സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. ബ്രസീൽ ഇതിന് മുമ്പ് നാല് തവണ കോപ്പ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. പെറു തങ്ങളുടെ ചരിത്രത്തിലെ ആദ്യ കോപ്പ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഓർമ്മിക്കാൻ
ഇത് അഞ്ചാം തവണയാണ് ബ്രസീൽ കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയത്വം വഹിച്ച കഴിഞ്ഞ നാല് തവണയും ബ്രസീൽ തന്നെയായിരുന്നു ചാമ്പ്യൻമാർ
അറ്റാക്കിംഗ് മിഡ്ഫീൽഡർ വില്യന്റെ സേവനം ഫൈനലിൽ ബ്രസീലിനു ലഭിക്കില്ല. പിൻതുടയിലെ ഞരമ്പിനേറ്റ പരുക്കിനെത്തുടർന്നാണ് കലാശക്കളിയിൽ നിന്നു വില്യനെ ഒഴിവാക്കിയത്.
പരിക്കിൽ നിന്ന് മോചിതനായ ഫിലിപ്പെ ലൂയിസ് ഇന്ന് ബ്രസീൽ നിരയിൽ കളിച്ചേക്കും.
പരിക്കിനെ തുടർന്ന് ചികിത്സയിലായി ജെഫേഴ്സൻ ഫർഫാന്റെ അഭാവം പെറുവിന് കനത്ത തിരിച്ചടിയാണ്. പെറുവിനായി ഏറ്രും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഫർഫാൻ.