up

കൊച്ചി: ഏഞ്ചൽ നികുതി വ്യവസ്ഥകൾ ലഘൂകരിക്കാനും ആദായ നികുതി പരിശോധന ഒഴിവാക്കാനുമുള്ള ബഡ്‌ജറ്റ് നിർദേശം ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപമൊഴുകാൻ സഹായകമാകും. 2019 ജനുവരി-ജൂൺ കാലയളവിൽ മാത്രം 292 ഇടപാടുകളിലായി 390 കോടി ഡോളറിന്റെ (ഏകദേശം 27,000 കോടി രൂപ) നിക്ഷേപം ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിൽ എത്തിയിരുന്നു. 2018ലെ സമാന കാലയളവിനെ അപേക്ഷിച്ച് 44.4 ശതമാനമാണ് വർദ്ധന.

നികുതി വ്യവസ്ഥകൾ ആകർഷകമാകുന്നതോടെ സ്‌റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപമെത്തും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡി.പി.ഐ.ഐ.ടി) കണക്കനുസരിച്ച് 19,665 സ്‌റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. പ്രതിവർഷം ശരാശരി 300-400 സ്‌റ്റാർട്ടപ്പുകൾ ഏഞ്ചൽ ഫണ്ടിംഗ് നേടാറുമുണ്ട്. 15 ലക്ഷം രൂപ മുതൽ നാല് കോടി രൂപവരെയാണ് സ്‌റ്റാർട്ടപ്പുകൾ ഒരിടപാടിലൂടെ നേടുന്നത്. 2019ൽ റെക്കാഡ് നിക്ഷേപമാണ് പ്രതീക്ഷ. 2016ൽ 420 കോടി ഡോളറും 2017ൽ 430 കോടി ഡോളറുമാണ് ലഭിച്ചത്.

സ്‌റ്റാർട്ടപ്പുകളിൽ ഓഹരി വാങ്ങുമ്പോഴും വില്‌ക്കുമ്പോഴും നിക്ഷേപകരും സംരംഭകരും നൽകേണ്ടിയിരുന്ന നികുതിയുടെ (ഏഞ്ചൽ നികുതി) വ്യവസ്ഥകളാണ് ലഘൂകരിക്കുന്നത്. ആദായ നികുതി പരിശോധനയ്ക്ക് പകരം നിക്ഷേപകരുടെ ഐഡന്റിറ്റിയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കുന്ന ഇ-വെരിഫിക്കേഷൻ സംവിധാനം കൊണ്ടുവരും. ഇരു തീരുമാനങ്ങളും നിക്ഷേപകർക്ക് അനുകൂലമാണ്.

സ്‌റ്റാർട്ടപ്പ് നികുതി കേസുകൾ വേഗം തീർപ്പാക്കുമെന്നും വീടുവിറ്ര് സ്‌റ്റാർട്ടപ്പ് നിക്ഷേപം നടത്തുന്നവർക്ക് മൂലധന നേട്ടത്തിന് നൽകുന്ന നികുതി ആനുകൂല്യം 2021 മാർച്ചുവരെ നീട്ടുമെന്നും ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.