ലണ്ടൻ: പാകിസ്ഥാൻ താരം ഷോയിബ് മാലിക്ക് ഏകദിന ത്തിൽ നിന്ന് വിരമിച്ചു. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ അവസാനമത്സരത്തിന് ശേഷമാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനത്തിൽ നിന്ന് ഞാൻ വിരമിക്കുകയാണ്.സഹതാരങ്ങൾക്കും പരിശീലകർക്കും സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും മാധ്യമസുഹൃത്തുക്കൾക്കും സ്പോൺസർമാർക്കും നന്ദി പറയുന്നു. എല്ലാത്തിനുമപ്പുറം എന്റെ ആരാധകർക്കും. 37 കാരനായ മാലിക്ക് ട്വിറ്ററിൽ കുറിച്ചു.
ബംഗ്ലാദേശിനെതിരായ മത്സരശേഷം പാകിസ്ഥാൻ താരങ്ങൾ മാലിക്കിന് ഗാർഡ് ഒഫ് ഓണർ നൽകി.
ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ച മാലിക്ക് എട്ടു റൺസ് മാത്രമാണെടുത്തത്. മാഞ്ചസ്റ്ററിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മാലിക്കിന്റെ അവസാന ഏകദിനം.
287 ഏകദിനങ്ങളിൽ നിന്ന് 34.55 ബാറ്റിംഗ് ശരാശരിയിൽ 7534 റൺസ് മാലിക്ക് നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറിയും 44 അർദ്ധ സെഞ്ചുറിയും നേടി. 158 വിക്കറ്റും സ്വന്തമാക്കി. 1999 ഒക്ടോബറിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം.