തൃശ്ശൂർ: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. മുതിർന്ന നേതാക്കൾക്കൊപ്പം യുവനേതാക്കളെയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.. ഇതിനിടെയാണ് പ്രവർത്തകരെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഒരുയുവനേതാവ് പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ ആരെന്നതിനെക്കുറിച്ച് അപ്രതീക്ഷിതമായ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്നായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെ തൃശ്ശൂരിലെ എ ഗ്രൂപ്പ് നേതാവിന്റെ ഈ പോസ്റ്റിൽ പൊങ്കാലയിടുകയാണ് ഐ ഗ്രൂപ്പുകാർ
തൃശ്ശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോൺ ഡാനിയേലാണ് 'എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അടുത്ത എ.ഐ.സി.സി. പ്രസിഡന്റ്?' എന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ഐ ഗ്രൂപ്പുകാർ പോസ്റ്റിന് മറുപടി ഇട്ടു. തൃശ്ശൂരിലെ ഐ ഗ്രൂപ്പ് നേതാവാണ് ആദ്യം പോസ്റ്റിൽ കമന്റ് ചെയ്തത്.
ഉമ്മൻചാണ്ടി സാർ ഒഴിയുന്ന ജനറൽ സെക്രട്ടറി പോസ്റ്റിൽ ജോൺ ഡാനിയേലും വരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തൊട്ടുപിന്നാലെ കമന്റുകളുടെ ഘോഷയാത്രയായിരുന്നു. ഈ പോസ്റ്റിനെ ചൊല്ലി പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും നടക്കുന്നുണ്ട്.
സാംസ്‌കാരിക നായകർക്ക് നട്ടെല്ലിന് പകരം വാഴത്തണ്ടാണ് നല്ലതെന്ന് പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയ നേതാവാണ് ജോൺ ഡാനിയേൽ.