ലീഡ്സ്: ലോകകപ്പിൽ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായതോടെയാണ് മായങ്ക് അഗർവാളിനെ ടീമിലേക്കെടുക്കുന്നത്. ഇന്ത്യയ്ക്കായി ഒരു ഏകദിന മത്സരം പോലും കളിക്കാത്ത താരത്തെ ടീമിലേക്കെടുത്ത തീരുമാനം ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ടീമിലേക്ക് സെലക്ട് ചെയ്തത് താരത്തെയും ഞെട്ടിച്ചിരുന്നു. കാരണം സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ പോലും മായങ്കിന് സ്ഥാനമില്ലായിരുന്നു.
ഇന്ന് ലീഡ്സിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തിന്റെ ടീമിനൊപ്പം മായങ്ക് ചേർന്നിട്ടുണ്ട്. ഇപ്പോഴിതാ ടീമിലേക്ക് സെലക്ട് ചെയ്തെന്ന് അറിയിച്ച് വിളിയെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മായങ്ക്. താൻ മുടിവെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ടീമിലേക്ക് തിരഞ്ഞെടുത്തെന്ന് പറഞ്ഞ് വിളയെത്തിയതെന്ന് മായങ്ക് പറഞ്ഞു.
ലോകകപ്പിൽ പോരാടുന്ന ഇന്ത്യൻ ടീമിൽ അംഗമായിരിക്കുക എന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണെന്നും ഐ.പി.എൽ മത്സരങ്ങൾക്ക് ശേഷം അൽപം വിശ്രമത്തിലായിരുന്നു താൻ. എങ്കിലും ആഴ്ചയിൽ അഞ്ച് ദിവസും പരിശീലനം നടത്തിയിരുന്നെന്നും മായങ്ക് പറഞ്ഞു. ബി.സി.സി.ഐ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.