sprit

ചിറ്റൂർ: ജാമ്യത്തിലിറങ്ങിയ സ്‌പിരിറ്റ് കേസ് പ്രതി അത്തിമണി അനിലിന് ഇടതു യുവജന സംഘടനകളുടെ സ്വീകരണം. മുൻ സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അനിലിന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് ചിറ്റൂർ സബ് ജയിലിന് മുന്നിൽ വച്ച് സ്വീകരണം നൽകിയത്. മെയ് ഒന്നിന് ആഢംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച 480 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലെ ഒന്നാം പ്രതിയായിരുന്നു അനിൽ.

സംഭവത്തിൽ ഒളിവിൽപോയ പ്രതിയെ ദിവസങ്ങൾക്ക് ശേഷം എക്‌സൈസ് പിടികൂടുകയായിരുന്നു. സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അനിലിലെ സംഭവത്തെ തുടർന്ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയിരുന്നു. മെയ് 5നാണ് അനിലിനെ സ്പിരിറ്റ് കേസിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.തന്നെ പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്റെ ബലിയാടാക്കിയതാണെന്ന് അന്ന് അനിൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇയാൾ പിടിയിലായതും.

ജില്ലയിലെ സി.പി.എം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ. പിടിയിലായ സഹായി മണിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ റെയ്ഞ്ച് എക്‌സൈസ് സംഘമാണ് അത്തിമണി അനിലിനെ അറസ്റ്റ് ചെയ്യുന്നത്.