icc

ലീഡ്സ്: ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 7 വിക്കറ്രിന് ശ്രീലങ്കയെ കീഴടക്കി. ആദ്യം ബാറ്ര് ചെയ്ത ശ്രീലങ്ക മാത്യൂസിന്റെ സെഞ്ച്വറിയുടെ (113) പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 43.3 ഓവറിൽ 3 വിക്കറ്ര് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 265/3 ). ഇന്ത്യയ്ക്കായി രോഹിത് ശർമ്മയും (103), കെ.എൽ. രാഹുലും (111) സെഞ്ച്വറി നേടി. രോഹിതിന്റെ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയാണിത്. ഒരു ലോകകപ്പിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡും രോഹിത് സ്വന്തമാക്കി.

ലങ്ക ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും കെ.എൽ. രാഹുലും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ലങ്കൻ ബൗളിംഗിനെ ധീരമായി നേരിട്ട ഇരുവരും ഒന്നാം വിക്കറ്രിൽ 30.1 ഓവറിൽ 189 റൺസ് കൂട്ടിച്ചേർത്തു. സെ‌ഞ്ച്വറി പൂർത്തിയാക്കിയ ഉടനേ രോഹിതിനെ പുറത്താക്കി രജിതയാണ് കൂട്ടുകെട്ട് പൊളിച്ചത്. മാത്യൂസാണ് ക്യാച്ചെടുത്തത്. 94 പന്ത് നേരിട്ട് 14 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് രോഹിതിന്റെ ഇന്നിംഗ്സ്. 118 പന്ത് നേരിട്ട് 111 റൺസ് നേടിയ രാഹുലിനെ മലിംഗയുടെ പന്തിൽ കുശാൽ പെരേരയാണ് പിടികൂടിയത്.11ഫോറും 1 സിക്സും രാഹുൽ നേടി. പന്ത് (4) ഉഡാനയുടെ പന്തിൽ എൽബി ആയി. നായകൻ വിരാട് കൊഹ്‌ലി (34), ഹാർദ്ദിക് പാണ്ഡ്യ (7) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്ടൻ ധിമുക്ത് കരുണരത്നെ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ശ്രീലങ്കയുടെ തുടക്കം.ടീം സ്കോർ 17ൽ എത്തിയപ്പോൾ തന്നെ കരുണരത്നയെ (10) ബുംര ധോണിയുടെ കൈയിൽ എത്തിച്ച് മടക്കി അയച്ചു. ഏകദിനത്തിൽ ബുംറയുടെ നൂറാം വിക്കറ്രായിരുന്നു ഇത്. കുശാൽ പെരേരയേയും (18) ബുംറ ധോണിയുടെ കൈയിൽ എത്തിച്ചു. അവിഷ്ക ഫെർണാണ്ടോയെ (20) പാണ്ഡ്യ ധോണിയുടെ കൈയിൽ എത്തിച്ചു. ടൂർണമെന്റിൽ ആദ്യമായി ആദ്യ ഇലവനിൽ ഇടം നേടിയ രവീന്ദ്ര ജഡേജ കുശാൽ മെൻഡിസിനെ (3) പുറത്താക്കിയതോടെ 53/4 എന്ന നിലിൽ ശ്രീലങ്ക തകർന്നു. ജഡേജയെ ഇറങ്ങിയടിക്കാൻ ശ്രമിച്ച മെൻഡിസിനെ ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച മാത്യൂസും തിരിമനെയും (53) ശ്രീലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്രുകയായിരുന്നു. ഇരുവരും 5-ാം വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു.ടീം സ്കോർ 179ൽ വച്ച് തിരിമനയെ ജഡേജയുടെ കൈയിൽ എത്തിച്ച് കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിൽ എത്തിയ ധനഞ്ജയ ഡിസിൽവയ്ക്കൊപ്പം (പുറത്താകാതെ 29) ലങ്കൻ സ്കോർ മുന്നോട്ടു കൊണ്ടുപോയ മാത്യൂസ് ടീമിനെ 250 കടത്തിയ ശേഷമാണ് പുറത്തായത്. 128 പന്തിൽ 2 സിക്സും 10 ഫോറും ഉൾപ്പെടെ 113 റൺസെടുത്ത മാത്യൂസിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ്മ പിടിച്ച് പുറത്താക്കുകയായിരുന്നു. തിസര പെരേരയെ (2) ഭുവനേശ്വർ പാണ്ഡ്യയുടെ കൈയിൽ ഒതുക്കി. ഉഡാന (1) ധന‌ഞ്ജയക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

5 മത്തെ സെഞ്ച്വറിയാണ് ഈ ലോകകപ്പിൽ രോഹിത് ശർമ്മ നേടയത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കാഡും രോഹിത് സ്വന്തമാക്കി. കുമാർ സംഗക്കാര 2015ൽ നേടിയ 4 സെഞ്ച്വറികളുടെ റെക്കാഡാണ് രോഹിത് പഴങ്കഥയാക്കിയത്.


100 വിക്കറ്റ് ഏകദിനത്തിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കി. 57-ാം ഏകദിനത്തിലാണ് ബുംറയുടെ നൂറ് വിക്കറ്ര് നേട്ടം. ഈ നേട്ടം ഏറ്രവും വേഗത്തിൽ സ്വന്തമാക്കിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബുംറ.ഷമിയാണ് ഏറ്രവും വേഗത്തിൽ നൂറ് വിക്കറ്റിലെത്തിയ ഇന്ത്യൻ താരം.