കടൽ കാണാനിഷ്ടമായിരുന്നു കുഞ്ഞു ഗ്രാൻസിക്ക്, കടലമ്മയോടൊത്ത് കളിക്കുമ്പോൾ അതിലേറെ സന്തോഷവും. ഓരോ തവണ കടൽ കാണുമ്പോഴും അവളിലെ കൗതുകം കൂടിക്കൂടി വന്നു. വളരുമ്പോൾ കടലമ്മയോടുള്ള കൗതുകവും കൂടി വന്നതേയുള്ളൂ. പക്ഷേ, പതുപതുത്ത വെള്ള തിരകൾക്കപ്പുറമുള്ള, ആഴക്കടൽ ഒരിക്കലെങ്കിലും കണ്ണും മനസും നിറഞ്ഞ് കാണാനാവുമെന്ന് അന്നൊന്നും അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് കുട്ടിക്കാലത്ത് പലതായിരുന്നു ഗ്രാൻസിയുടെ ഉത്തരങ്ങൾ. അതിൽ പക്ഷേ ഒരിക്കലും കടലോ കടലമ്മയോ കടന്നു വന്നിരുന്നില്ല. പക്ഷേ, കാലം അവൾക്കായി കാത്തുവച്ച സമ്മാനം ചരിത്രത്തിലൊരു സ്ഥാനമായിരുന്നു. ഷിപ്പിംഗ് കോർപ്പറേഷനിലെ ആദ്യ മലയാളി വനിത ഇലക്ട്രിക്കൽ ഓഫീസർ എന്ന പദവി. വൈപ്പിൻ ദ്വീപുകാരി ഗ്രാൻസി മാത്യു ഈ നേട്ടം സ്വന്തമാക്കുമ്പോൾ 23 വയസ്സാണ് പ്രായം. മുംബയ് പോർട്ടിൽ നിന്ന് 238 മീറ്റർ നീളമുള്ള കപ്പലിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ആർത്തിരമ്പുന്ന കടലായിരുന്നു ഉള്ളിൽ. പാഠപുസ്തകത്തിലെ അറിവുകൾ മാത്രമായിരുന്നു അവളുടെ കൈമുതൽ. മുപ്പതു ജീവനക്കാർക്കിടയിലെ ഒരേയൊരു പെൺതരിയായി ഒമ്പതുമാസം കടലിൽ മെഷീനുകളുടെ ശബ്ദഘോഷങ്ങൾക്കിടയിൽ. പക്ഷേ, കഴിഞ്ഞ ഫെബ്രുവരിയിൽ തീരം തൊടുമ്പോൾ അവളൊന്ന് മനസ്സിലുറപ്പിച്ചിരുന്നു, ഇതുതന്നെയാണെന്റെ ലോകം, ഇതാണെന്റെ ജീവിതം. ആ തീരുമാനം മുറുകെ പിടിച്ചാണിന്ന് ഗ്രാൻസി മുന്നേറുന്നത്.
ചാടി കടന്ന കടമ്പകൾ
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഗ്രാൻസിയുടെ അച്ഛൻ മുളവുകാട് പുളിത്തറ നികത്തിൽ പി.ജെ.മാത്യു. എറണാകുളം ലോട്ടസ് ക്ലബ്ബിലെ ലൈബ്രറേറിയനാണ് അമ്മ മേരി. മകൾക്ക് പുതിയ ഇഷ്ടങ്ങളെ പരിചയപ്പെടുത്തുന്നതും ആ ഇഷ്ടങ്ങൾക്ക് കൂട്ടാകുന്നതും ഇവർ ഇരുവരുമാണ്. കുട്ടിക്കാലം മുതൽ പരിശീലിക്കുന്ന കരാട്ടെ, അമ്പെയ്ത്ത്, ഫെൻസിംഗ് എന്നിങ്ങനെ സാഹസികതയുടെ ലോകത്തേക്ക് മകളെ നടത്തിച്ചതും അച്ഛനും അമ്മയുമാണ്. അതുകൊണ്ട് തന്നെ പത്തുമാസത്തേക്ക് കപ്പലിലെ ജോലിക്ക് മകൾ പോവുകയാണെന്ന് കേട്ടപ്പോൾ ആശങ്കയ്ക്ക് പകരം സന്തോഷമായിരുന്നു ഇരുവർക്കും. മകളെ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയായി കാണുന്നതിന്റെ അഭിമാനവും ചെറുതായിരുന്നില്ല. റേഡിയേഷൻ കോഴ്സ് വിദ്യാർത്ഥിനിയായ അനിയത്തി മിനിയും ചേച്ചിക്ക് പിന്തുണ നൽകി. എന്നാൽ, അത്രയെളുപ്പം ഗ്രാൻസിക്ക് കയ്യിൽ കിട്ടിയതല്ല ഇലക്ട്രിക്കൽ ഓഫീസർ ജോലി.
തൃശൂർ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഉയർന്ന മാർക്കോടെ എൻജിനീയറിംഗ് ബിരുദം നേടിയാണ് അവൾ പഠിച്ചിറങ്ങിയത്. രണ്ട് ഐ. ടി കമ്പനികളിൽ ലഭിച്ച പ്ളേസ്മെന്റ് വേണ്ടെന്നു വച്ചാണ് ഗ്രാൻസി ട്രെയിനി ഇലക്ട്രിക്കൽ ഓഫീസറായി ചേർന്നത്. പരീക്ഷയും അഭിമുഖവും പാസായെങ്കിലും ഇലക്ട്രിക്കൽ ഓഫീസർ ട്രെയിനി തസ്തികയിലേക്ക് നിയമിക്കണമെങ്കിൽ ഇ.ടി. ഒ ( ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ ) കോഴ്സ് കൂടി പാസാകണമായിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ കോഴ്സുണ്ടായിട്ടും പെൺകുട്ടിയായതു കൊണ്ടുമാത്രം പ്രവേശനം ലഭിച്ചില്ല. എന്നാൽ പിന്നോട്ടു പോകാൻ ഗ്രാൻസി തയ്യാറായിരുന്നില്ല. കോയമ്പത്തൂരിൽ നിന്ന് നാലു മാസത്തെ ഇ.ടി.ഒ കോഴ്സ് പാസായത് വാശിയോടെയാണ്. കപ്പലിന്റെ മാതൃകയിലുള്ള ക്ലാസ് മുറിയിലായിരുന്നു പഠനം. അപകടകരമായ കടൽ ജീവിതമാണ് നയിക്കാൻ പോകുന്നതെന്ന് അവിടെ വച്ച് ഏറെക്കുറെ മനസിലാക്കിയിട്ടും അവൾ പിന്മാറിയില്ല. താൻ സ്വപ്നം കണ്ടിരുന്ന, ഇഷ്ടപ്പെട്ടിരുന്ന ഇലക്ട്രോണിക്സ് മേഖലയിൽ തന്നെ ജോലി കിട്ടിയതിൽ മനസ് നിറയെ സന്തോഷമായിരുന്നു.
കടൽചൂരിൽ തളരാതെ
2018 മേയ് 10 നാണ് പരിശീലനത്തിന്റെ ഭാഗമായുള്ള യാത്ര ഗ്രാൻസി തുടങ്ങിയത്. മുംബയ് ഗുജറാത്ത് റൂട്ടിലെ ഓയിൽ ടാങ്കർ കപ്പലിലായിരുന്നു ആദ്യ സെയിലിംഗ്. അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നായിരുന്നു ആദ്യ ക്ലാസ്. പക്ഷേ, കടൽ ചൂരായിരുന്നു ആദ്യത്തെ ശത്രു. കുട്ടിക്കാലത്ത് കണ്ട കടലല്ല ചുറ്റിലും അലയടിക്കുന്നതെന്ന് അന്നവൾ തിരിച്ചറിഞ്ഞു. നിർത്താത്ത ചർദ്ദിൽ കൊണ്ടു ആകെ വലഞ്ഞ ആദ്യ നാളുകൾ. ഇന്നും ഓർമ്മയിലുണ്ട് ആ കഷ്ടപ്പാടിന്റെ ദിനങ്ങൾ. പക്ഷേ, ഒരാഴ്ച കൊണ്ട് കടലുമായി ശരീരം സമരസപ്പെട്ടു. ഗ്രാൻസിയെ കൂടാതെ വേറെ രണ്ട് മലയാളികൾ കപ്പലിലുണ്ടായിരുന്നു. അവരായിരുന്നു ആദ്യം കൂട്ട്. എന്നാൽ അവർ ഇടയ്ക്ക് യാത്ര അവസാനിപ്പിച്ചു. അത് ഗ്രാൻസിയെ ചെറുതായൊന്ന് ആശയക്കുഴപ്പത്തിലാക്കിയെങ്കിലും തോറ്റു പിന്മാറാൻ അവൾ തയ്യാറായില്ല. പിന്നീട് ആശയവിനിമയം മുഴുവൻ ഹിന്ദിയിലായിരുന്നു. അതുവരെ കേട്ടാൽ മാത്രം മനസ്സിലായിരുന്ന ഹിന്ദിയെ കുറഞ്ഞ ദിവസത്തിനകം വശത്താക്കി. അങ്ങനെ കപ്പലിലെ സൗഹൃദങ്ങളും വലുതായി. ഒപ്പം ജീവിതക്കാഴ്ചകളും.
മെഷീനുകളുമായി ചങ്ങാത്തം
കപ്പലിലെ ഇലക്ട്രിക്കൽ സംവിധാനത്തിൽ എന്തെങ്കിലും പാകപ്പിഴ സംഭവിച്ചാൽ ആദ്യം അറിയിപ്പ് ലഭിക്കുന്നത് ഇലക്ട്രിക്കൽ ഓഫീസർക്കാണ്. കപ്പലിലെ ജോലിക്കാരുടെ ജീവന് പോലും ഉത്തരവാദിത്തമുള്ള ജോലി. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കകാലത്ത് അടിവയറ്റിൽ ഒരാന്തലോടെയാണ് ഇത്തരം മെസേജുകൾ ഗ്രാൻസി കൈപ്പറ്റിയിരുന്നത്. കേടായ ഉപകരണങ്ങളുടെ തകരാറുകൾ എത്രയും പെട്ടെന്ന് പരിഹരിക്കണം. ലൈറ്റിംഗ് സംവിധാനത്തിലാണ് കുഴപ്പമെങ്കിൽ ഏണി വച്ച് മേൽത്തട്ട് വരെ കയറണം. തന്നെക്കൊണ്ട് കഴിയുമോ എന്ന് പലപ്പോഴും ശങ്കിച്ചു നിന്നിട്ടുണ്ട്. പക്ഷേ സ്ത്രീയായതിന്റെ പേരിൽ മാറി നിൽക്കാൻ അവളൊരുക്കമായിരുന്നില്ല. സഹപ്രവർത്തകരും കപ്പലിലെ മുതിർന്ന ഓഫീസർമാരും കട്ടയ്ക്ക് കൂടെ നിന്നതോടെ ജോലി സംബന്ധമായ ആകുലതകളെ ഗ്രാൻസി വരുതിയിലാക്കി. അവിടെയും തീർന്നിട്ടില്ല വെല്ലുവിളികൾ. 45-50 ഡിഗ്രി ഊഷ്മാവുള്ള എൻജിൻ മുറിയിലാണ് ഇലക്ട്രിക്കൽ ഓഫീസർ അധിക സമയവും ചെലവഴിക്കേണ്ടത്. ചെവിക്കല്ല് തകർക്കുന്ന ശബ്ദഘോഷത്തെ പ്രതിരോധിക്കുന്നതിനായി ഇയർ മഫ് വച്ചു. സേഫ്ടി ഷൂ, ഗ്ലൗസ്, പ്രത്യേക കണ്ണടകൾ എന്നിവയെല്ലാം നിർബന്ധമാണ്. ഔദ്യോഗിക സമയത്തെ വേഷം ബോയിലർ സ്യൂട്ട് ആണ്. മാനുവൽ അനുസരിച്ച് എല്ലാ ആഴ്ചയിലും മാസത്തിലും ഓരോ സാധനവും പരിശോധിച്ച് എല്ലാ മെഷീനുകളുടെയും താളക്രമങ്ങൾ പതിയെ ഹൃദിസ്ഥമാക്കി. ഡ്യൂട്ടി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണെങ്കിലും 24 മണിക്കൂറും ജോലി ചെയ്യാൻ ഗ്രാൻസി തയ്യാറാണ്. കാരണം, ഈ ജോലിയോടുള്ള ഇഷ്ടക്കൂടുതൽ തന്നെ.
ഒഴിവുവേളകളിലെ ആനന്ദം
ജോലിക്ക് കയറുന്ന സമയത്ത് പലരും ഗ്രാൻസിയോട് പറഞ്ഞിരുന്നു, കപ്പലിലെ ജോലി അത്ര നിസാരമല്ലെന്ന്. സ്വാഭാവികമായും ആ പേടിയോടെ തന്നെയാണ് ജോലിയിൽ പ്രവേശിച്ചതും. എന്നാൽ, താൻ വിചാരിച്ചത്ര സങ്കടകരമായിരുന്നില്ല കപ്പലിലെ ജീവിതം എന്ന് ഗ്രാൻസി പറയുന്നു. എല്ലാ ജീവനക്കാർക്കും പ്രത്യേക കാബിനുകളുണ്ട്. മെസ്, ജിം, നീന്തൽകുളം തുടങ്ങിയ സൗകര്യങ്ങൾ വേറെയും. ഇഷ്ടമുള്ളപ്പോൾ ടേബിൾ ടെന്നീസ്, കാരംസ്, ചെസ് അങ്ങനെ ഇൻഡോർ ഗെയിംസ് പരീക്ഷിക്കുകയും ചെയ്യാം. പക്ഷേ, ഒഴിവുസമയത്തിലേറെയും ഗ്രാൻസി ചെലവഴിച്ചത് പുസ്തകങ്ങളോടൊത്താണ്. അതിനായി വീട്ടിൽ നിന്ന് കുറച്ചധികം പുസ്തകങ്ങൾ കയ്യിൽ കരുതിയിരുന്നു. പക്ഷേ, ഇതിനിടയിലും ഗ്രാൻസിയെ പിടിച്ചുലച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. കേരളത്തെയാകെ പ്രളയജലം വിഴുങ്ങിയെന്നറിഞ്ഞതായിരുന്നു അത്. ഓരോ നാട്ടിലെയും പ്രധാന വാർത്തകൾ കപ്പലിൽ അറിയിക്കുന്നതിൽ നിന്നാണ് പ്രളയത്തെ കുറിച്ച് ഗ്രാൻസി അറിഞ്ഞത്. വെള്ളത്താൽ ചുറ്റപ്പെട്ട തന്റെ നാടും വീട്ടിലുള്ളവരുമായിരുന്നു അപ്പോൾ മനസ് നിറയെ. റേഞ്ച് കിട്ടുന്ന സ്ഥലത്തുവെച്ചെല്ലാം വീട്ടുകാരോട് സംസാരിച്ചു. തന്റെ വീടിനെ പ്രളയം വെറുതെ വിട്ടുവെന്നറിഞ്ഞപ്പോഴാണ് ഗ്രാൻസി ശ്വാസം നേരെ വിട്ടത്.
വഴികാട്ടികളായി മുൻഗാമികൾ
ജോലിക്ക് പുറപ്പെടും മുമ്പ് തന്നെ താനുൾപ്പെടെ ഇന്ത്യയിൽ ആകെ 15 വനിത ഇലക്ട്രിക്കൽ ഓഫീസർമാരുണ്ടെന്ന് ഗ്രാൻസി സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്രീൻ ബാനുവാണ് ഷിപ്പിംഗ് മേഖലയിലെ ആദ്യ ഇലക്ട്രിക്കൽ ഓഫീസർ. 2015 ൽ ജോലിയിലേക്ക് കടന്നുവന്നപ്പോൾ നേരിട്ട അനുഭവങ്ങളെല്ലാം അമ്രീൻ ഫേസ്ബുക്കിൽ പങ്കുവച്ചത് വായിച്ചു മനസ്സിലാക്കി. സ്ത്രീയായതു കൊണ്ടു മാത്രം അവരെ അംഗീകരിക്കാൻ സഹപ്രവർത്തകർ മടിച്ചതും താൻ ഈ ജോലിക്ക് പ്രാപ്തയാണെന്ന് ഓരോ കപ്പലിലും അവർക്ക് തെളിയിക്കേണ്ടി വന്നതുമെല്ലാം തനിക്കും നേരിട്ടേക്കാം എന്ന് കരുതിയാണ് ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ആദ്യ സെയിലിംഗിൽ അത്തരം ദുരനുഭവങ്ങളൊന്നും നേരിടേണ്ടി വന്നില്ല എന്നത് ഏറെ ആശ്വാസത്തോടെയാണ് ഗ്രാൻസി പങ്കുവച്ചത്. എങ്കിലും എല്ലാ യാത്രകളും അത്ര സുഖകരമാവില്ലെന്ന് ഗ്രാൻസിക്ക് ഉത്തമബോധ്യമുണ്ട്. എങ്കിലും ഈ ജോലി ഉപേക്ഷിക്കുക എന്നത് സ്വപ്നത്തിൽ പോലുമില്ലെന്ന് ഗ്രാൻസി പറയുന്നു. സ്ത്രീയായതിന്റെ പേരിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നത്. കപ്പലിലെ വനിത ഓഫീസർമാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ സജീവ അംഗമാണ് ഗ്രാൻസിയിപ്പോൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സാനിട്ടറി പാഡിനു പകരം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കണമെന്ന ആശയം കപ്പൽ യാത്രക്കാരായ സ്ത്രീകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രാൻസിയും കൂട്ടരും.
നാട്ടിലെ താരം
ഗ്രാൻസി തിരികെ നാട്ടിലെത്തിയപ്പോൾ മുതൽ കടലിന്റെയും കപ്പലിന്റെയും വിശേഷം ചോദിച്ചെത്തുകയാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം. അതിലൊന്നും അല്പം പോലും മടിയില്ലാതെ ഓരോരുത്തരോടും നിറഞ്ഞ ചിരിയോടെയും ഏറെ സന്തോഷത്തോടെയുമാണ് കപ്പലിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. മുളവുകാട് പഞ്ചായത്തിന്റെയും ഗ്രാമീണ വിദ്യാഭ്യാസ സമിതിയുടെയും നേതൃത്വത്തിൽ വനിതാദിനത്തിൽ ഗ്രാൻസിക്ക് സ്വീകരണം നൽകിയിരുന്നു. തന്റെ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും അവൾ സമർപ്പിക്കുന്നത് മാതാപിതാക്കൾക്കാണ്. അവരായിരുന്നു തന്റെ ഊർജവും പ്രോത്സാഹനവും. അവരുടെ വിയർപ്പിന്റെ ഫലമാണ് ഇന്നത്തെ തന്റെ പദവിയെന്നും ഗ്രാൻസി പറയുന്നു. വന്ന വഴികളൊന്നും മറക്കാൻ കഴിയുന്നതല്ലയെന്ന ബോധ്യത്തോടെയാണ് ഗ്രാൻസി തന്റെ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.
l