മരണത്തിനു ശേഷം ഒരാൾ ഓർമ്മിക്കപ്പെടണമെങ്കിൽ ഒന്നുകിൽ എഴുതാൻ പറ്റിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം, അല്ലെങ്കിൽ വായിക്കാൻ പറ്റിയ പുസ്തകങ്ങളെഴുതണം എന്ന് പറയാറുണ്ട്. എഴുതാൻ പറ്റിയ ഒട്ടേറെ കാര്യങ്ങൾ ചെയ്യുകയും വായിക്കാൻ കൊള്ളാവുന്ന ഒരു പുസ്തകം എഴുതുകയും ചെയ്ത കേരളത്തിന്റെ വീരപുത്രനാണ് സി. കേശവൻ. അദേഹം അന്തരിച്ചിട്ട് ഇന്ന് അരനൂറ്റാണ്ടാകുന്നു.
മറവിയുടെ മാറാല നീക്കി ആ ധീര സ്വരം ഇന്നും നമ്മെ തട്ടിയുണർത്തുന്നു. സി.കേശവനോട് സാമ്യപ്പെടുത്താവുന്നത് സി.കേശവനെ മാത്രമാണ്. ആ സിംഹഗർജനവും ഒറ്റയാൻ ജീവിതവും തലമുറകളെ ആവേശം കൊള്ളിക്കുന്നു. നിഷേധിയും പ്രശസ്ത സാഹിത്യകാരനുമായ പൊൻ കുന്നം വർക്കി എഴുതി: ''എന്നിലെ നിഷേധത്തിന്റെ അഗ്നി ആളിക്കത്തിക്കാൻ തീപ്പൊരി നൽകിയ വരിൽ പ്രധാനിയാണ് സി.കേശവൻ. അദ്ദേഹത്തെ നേരിൽ കാണാൻ ആദ്യമായി ഭാഗ്യമുണ്ടായത് കാഞ്ഞിരപ്പള്ളിയിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ്. പിന്നെ ഞങ്ങൾ തമ്മിൽ കാണുന്നത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ചാണ് പ്രസംഗത്തിന്റെ പേരിൽ സി.കേശവനും കഥയെഴുതിയതിന് ഞാനും സർ. സി.പി.യുടെ തടവുപുള്ളികളായി.
" വോട്ടു മാത്രം സത്യം ബാക്കിയെല്ലാം മിഥ്യ എന്ന് വിശ്വസിച്ച് ജീവിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ സി. കേശവന്റെ ജീവിതം ഒരത്ഭുതമാണ്. ആനി മസ്ക്രീൻ എന്ന സ്വാതന്ത്ര്യസമര നായിക സി. കേശവനെപ്പറ്റി ഒരിക്കൽ പറഞ്ഞു
''കേശവൻ അടങ്ങാത്ത വിപ്ലവകാരിയായിരുന്നു. ചിലപ്പോൾ ശുണ്ഠിയെടുത്ത് വിറയ്ക്കുമെങ്കിലും പൊതുവേ ശാന്തനാണ്. ആർക്കും ഒന്നിനും വഴങ്ങിക്കൊടുക്കാത്ത പ്രകൃതം. തന്റെ സ്വാതന്ത്ര്യത്തിൽ ആരും ഇടപെടുന്നത് ഇഷ്ടമല്ല. പൗരുഷം തികഞ്ഞ സുഹൃത്ത്, ജേർണലിസ്റ്റ്, വാഗ്മി, എഴുത്തുകാരൻ, ഗായകൻ, സുഹൃത്തുക്കളെ സഹായിക്കാൻ എന്തു ചെയ്യാനും മടിയില്ലാത്തവൻ,സ്നേഹമുള്ള ഭർത്താവ്, അച്ഛൻ എല്ലാമായിരുന്നു ആ ധീരപുത്രൻ.""
സമരം ചെയ്യണം, സാഹസം ചെയ്യണം എന്ന വിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു സി. കേശവന്റേത്. ക്ലേശങ്ങളുടെ ചെളിക്കുണ്ടിലാണ് ഈ വെള്ളാമ്പൽ വിടർന്നത്. ജീവിതം വഴിമുട്ടി നിന്ന കാലത്ത്, '' കേശവന് ലാ പഠിക്കാമല്ലോ'' എന്ന് ശ്രീനാരയണ ഗുരു അനുഗ്രഹിച്ചതോടെയാണ് ആ ജീവിതത്തിനൊരു നേർവഴിയുണ്ടായത്. അഭിഭാഷകനായെങ്കിലും തന്റെ മുന്നിൽ ആർത്തലച്ചു നിന്ന ജനജീവിതം അദ്ദേഹത്തെ രാഷ്ട്രീയ പ്രവർത്തകനും എസ്.എൻ.ഡി.പി യോഗത്തിന്റെ സമുന്നത നോതാവുമാക്കി. ജയിൽ മോചിതനായ സി. കേശവന് സ്വീകരണം നൽകാനെത്തിയത് ജനസാഗരമായിരുന്നു. ' കേശവചന്ദ്രോദയം" എന്നായിരുന്നു പത്രക്കാർ ആ സ്വീകരണയോഗത്തെ വിശേഷിപ്പിച്ചത്. ദിവാൻ ഭരണത്തെ എതിർത്തപ്പോൾ കൗമുദി പത്രം നിരോധിച്ചു. ഒന്നരക്കൊല്ലമേ പത്രം ജീവിച്ചുള്ളു. എങ്കിലും ധാരാളം ചെറുപ്പക്കാർക്ക് പത്രം തണലായി. കെ. ബാലകൃഷ്ണന്റെ ആദ്യ ലേഖനം അച്ചടിച്ചു വരുന്നത് കൗമുദിയിലാണ്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്യാണങ്ങൾക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കും സി. കേശവൻ പോയിരുന്നത് ടാക്സി കാറിലാണ്. ഒരിക്കൽ കെ. ബാലകൃഷ്ണനെ പൊലീസ് പിടിച്ച് അകത്തിട്ടു. വിദ്യാർത്ഥിസമരത്തിന്റെ കാലമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. കുറച്ചുവിദ്യാർത്ഥികൾ സത്യാഗ്രഹമായിരുന്നു. അവിടത്തെ വിദ്യാർത്ഥിയല്ലെങ്കിലും കെ. ബാലകൃഷ്ണൻ ഒരു സത്യാഗ്രഹിയെ ഹാരാർപ്പണം ചെയ്തു. പൊലീസ് അറസ്റ്റു ചെയ്ത് അകത്താക്കി. രാത്രി വളരെ വൈകിയും ഉറങ്ങാതെ കിടന്ന ആ വിദ്യാർത്ഥിയുടെ അടുത്ത് ഒരു പൊലീസ് ഓഫീസറെത്തി. അദ്ദേഹം പറഞ്ഞു. 'വിദ്യാർത്ഥിയല്ലെന്ന് എഴുതിത്തന്നാൽ മതി." അങ്ങനെ എഴുതിക്കൊടുത്ത് ബാലകൃഷ്ൻ പുറത്തുവന്നു.
മകൻ ബാലകൃഷ്ണൻ മധുര അമേരിക്കൻ കോളേജിൽ പഠിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരം തിളച്ചുമറിയുന്ന കാലം. വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തു. ദിവസവും അവർ പ്രകടനം നടത്തി. ബാലകൃഷ്ണൻ വിദ്യാർത്ഥിനേതാവാണ്. പ്രകടനത്തിന് നേരെ പൊലീസ് വെടിവച്ചു. അടുത്തദിവസം ജാഥ നയിക്കേണ്ടത് ബാലകൃഷ്ണനായിരുന്നു. വെടിവയ്പ്പും തീർച്ച. ആ വിദ്യാർത്ഥിക്ക് രാത്രി നിദ്രാശൂന്യമായി. വിവരം അച്ഛനെ അറിയിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ ടെലഗ്രാം ചെയ്തു. അച്ഛന്റെ മറുപടി ടെലഗ്രാം ഇങ്ങനെയായിരുന്നു, 'ഗോ എഹെഡ്". ആ പിതാവ് മറ്റൊന്നു കൂടെ ചെയ്തു. മധുരയിലുള്ള സുഹൃത്തിന് ഒരു ടെലഗ്രാം ചെയ്തു. അതിങ്ങനെയായിരുന്നു.
''ജീവനോടെയോ അല്ലാതെയോ മകനെ വീട്ടിൽ കൊണ്ടുവരിക.""
അതിനുശേഷം ഒരു കസേര വലിച്ചിട്ട് പൂമുഖത്ത് ഇരിപ്പായി. പുലർച്ചെയ്ക്ക് ഒരു കാർ അവിടെയെത്തി. സുഹൃത്തും മകനും അതിലുണ്ടായിരുന്നു. ആ അച്ഛനും മകനും ആലിംഗനത്തിലമർന്നു. അന്ന് വിദ്യാർത്ഥികളുടെ നേരെ പൊലീസ് വെടിവയ്പ്പുണ്ടായില്ല.
മുഖ്യമന്ത്രിയായപ്പോൾ മകനുവേണ്ടി സി. കേശവൻ സൗജന്യങ്ങളൊന്നും ചെയ്തുകൊടുത്തില്ല. മകൻ ഗവൺമെന്റിനെതിരെ സമരം ചെയ്തപ്പോൾ പിടിച്ച് അകത്തിട്ടു. കെ. ബാലകൃഷ്ണൻ എഴുതി: ''അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ എന്നെ രണ്ടുതവണ ജയിലിലാക്കി. ലോക്കപ്പിലും സെൻട്രൽ ജയിലിലും ഒരു മൂന്നാം ക്ളാസ് തടവുകാരനാണെന്നുള്ളതിൽ കൂടുതൽ സൗകര്യങ്ങളൊന്നും എനിക്ക് നൽകിയിരുന്നില്ല. കെ.ബാലകൃഷ്ണന്റെ കഴിവുകളിൽ ആ പിതാവ് അഭിമാനിച്ചിരുന്നു. അതുകൊണ്ടാണ് 'ജീവിതസമരം""എന്ന തന്റെ ആത്മകഥയ്ക്ക് ബാലകൃഷ്ണൻ അവതാരിക എഴുതിയാൽ മതിയെന്ന് ശഠിച്ചത്. അച്ഛന്റെ പുസ്തകത്തിന് മകൻ അവതാരിക എഴുതിയ ലോകത്തിലെ ആദ്യസംഭവമാണത്. അസാധാരണ ആത്മധൈര്യമുള്ള സി. കേശവൻ പൊട്ടിക്കരഞ്ഞത് മകൻ ഭദ്രൻ വിമാനാപകടത്തിൽ മരിച്ചപ്പോഴാണ്. ആകസ്മികമല്ലെങ്കിലും സി.വി. കുഞ്ഞുരാമൻ മരിച്ചപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഗാന്ധിജിയെക്കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ നമുക്ക് മാറ്റിപ്പറയാം: ഇങ്ങനെയൊരു മനുഷ്യൻ കേരളത്തിൽ ജീവിച്ചു എന്നു പറഞ്ഞാൽ ഭാവിതലമുറകൾ വിശ്വസിക്കില്ല.
(ലേഖകന്റെ ഫോൺ: 9544600 969 )