ജലാശയങ്ങളിൽ വളരെ വ്യാപകമായി കാണുന്ന മറ്റൊരിനം താറാവുകളാണ് ഗ്യാഡ്വാൾ ഡക്ക്. മല്ലാർഡ് ഡക്കിന്റെ അത്ര തന്നെ വലിപ്പമുള്ള, എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ മല്ലാർഡ് ഡക്കിൽ നിന്നും വ്യത്യസ്തരുമാണ്. കുറച്ചു പരന്ന തല, നേർത്ത കൊക്ക്. പക്ഷേ പെൺ മല്ലർഡും ഗ്യാഡ്വാളും ഏറെക്കുറെ സാമ്യമുണ്ട്.
തിരിച്ചറിയാൻ കുറച്ചു പ്രയാസമാകും. നിറയെ ചെറുതും വലുതുമായ പുള്ളിക്കുത്തുകളും പാറ്റേണുകളും ഉള്ള ഗ്രേ ബ്രൗൺ ദേഹമാണ് ആണിന്. വലിയ കറുത്ത വാൽ. തവിട്ടു നിറത്തിൽ ഓറഞ്ചും ഡാർക്ക് ബ്രൗണും ഇടകലർന്ന വലിയ പാറ്റേണുകളാണ് പെണ്ണിന്. നേർത്ത ചുണ്ടിന്റെ വശങ്ങൾ ഓറഞ്ച് നിറത്തിലാണ്. രണ്ടു പേർക്കും ഓറഞ്ച് നിറത്തിലുള്ള കാലുകളും ചിറകിന്റെ അറ്റത്തു വെള്ള അടയാളവുമുണ്ട്. 60 സെമീ അടുപ്പിച്ചു നീളം. ഒരു കിലോ അടുപ്പിച്ചു തൂക്കം. യൂറോപ്പിലും ഏഷ്യയിലും നോർത്ത് അമേരിക്കയിലും പ്രജനനം നടത്തുന്ന ഇവർ ദേശാടന കാലത്ത് ഇന്ത്യയിലേയ്ക്ക് വരുന്നു.
ഇവിടെ തണ്ണീർ ത്തടങ്ങളിലും, പുൽമേടുകളിലും വെള്ളക്കെട്ടുകളിലും ഒക്കെ ഇവർ പറന്നിറങ്ങുന്നു. പുല്ലു നിറഞ്ഞ ചതുപ്പിൽ അധിവസിക്കുന്ന ഇവർ ജലാശയ സസ്യങ്ങളാണ് കൂടുതൽ കഴിക്കുന്നത്. തല വെള്ളത്തിൽ മുക്കി പിടിച്ച് മുങ്ങാം കുഴിയിട്ടൊക്കെയാണ് ഇവർ ആഹാരം അകത്താക്കുന്നത്. പൊതുവേ ജലസസ്യങ്ങൾ കഴിക്കുന്നവരാണെങ്കിലും മുട്ടയിടാൻ സമയത്ത് കുറെ ഞണ്ടും കക്കയും പ്രാണികളെയും ഒക്കെ ഭക്ഷിക്കാറുണ്ട്.ഇനി ആഹാരമൊന്നും കിട്ടിയില്ലെങ്കിൽ മറ്റു താറാവുകളുടെ ആഹാരം തട്ടിയെടുക്കാനും ഇവർക്ക് മടിയില്ല. ചെറിയ കൂട്ടങ്ങളായി കാണുന്ന ഇവർ പൊതുവേ നിശബ്ദരാണ്. ആൺപക്ഷിക്ക് കാറിച്ചയുള്ള ഒരു ചൂളം വിളിയും പെണ്ണിന് ക്വാക്ക് ശബ്ദവുമാണുള്ളത്. പുല്ലുള്ള തറയിൽ തൂവലുകൾ നിറച്ചുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കൂടിലാണ് മുട്ടയിടുന്നത്.
മുട്ടകൾക്കു ക്രീം കലർന്ന വെള്ള നിറം ആയിരിക്കും. ജനിച്ചു വരുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ ഭക്ഷണമായി വിരകളെയും പുഴുക്കളേയും ഒക്കെ കൊടുക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന താറാവുകളിൽ ഒരിനമാണ് ഇവ. അതുകൊണ്ടു തന്നെ ധാരാളം നിയമങ്ങൾ ഇവയെ സംരക്ഷിക്കാൻ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഫലമാവാം നിലവിൽ ഇവയുടെ എണ്ണത്തിന് കോട്ടമൊന്നുമില്ല. ആഫ്രിക്കൻ യൂറേഷ്യൻ സംരക്ഷിത ദേശാടന പക്ഷികളിൽ ഇവരും പെടും.