MAYILPPEELI
ഭൂമിയിൽ പിറന്നവരും ജീവിച്ചവരുമെല്ലാം രാമായണത്തിലൂടെ പോയവരാണ്. അവരിൽ പലരും രാമായണം കണ്ടിട്ടുണ്ടാവില്ല, വായിച്ചിട്ടുണ്ടാവില്ല. പക്ഷേ, അതിലൂടെ കടന്നു പോകാതെ വയ്യ. കാരണം രാമായണം ആദികാവ്യം മാത്രമല്ല ഓരോ വ്യക്തിയുടെയും ജീവിതം തന്നെയാണ്."" പോറ്റി സാറിന്റെ വ്യാഖ്യാനം കേട്ടിരിക്കാൻ സുഖമാണ്.
ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. വയസ് എൺപതു കഴിഞ്ഞു. എങ്കിലും നാവിന് നിത്യയൗവനം. വൈകിട്ട് അടുത്തുള്ള ചെറിയ ചായക്കടയിലെത്തും. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കും. ഈ സമയത്താണ് നാട്ടുകാര്യങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ വ്യാഖ്യാനിക്കുന്നത്. കേട്ടിരിക്കാൻ കുറേ പേരുണ്ടാകും. അവർക്ക് വടയും ചായയും ഫ്രീ. കാശ് പോറ്റിസാർ നൽകും.
മന്ഥര കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാകില്ല. ഏതെങ്കിലുമൊരു സമയത്ത് മുതുകിൽ കൂന് വന്നിരിക്കും. ജീവിതം കുട്ടിച്ചോറാക്കാൻ. ഒന്നുകിൽ ഓഫീസ് അല്ലെങ്കിൽ കലാലയത്തിൽ, അതുമല്ലെങ്കിൽ ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ രൂപത്തിൽ. സ്ത്രീയുടെ രൂപത്തിലായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ചിലപ്പോൾ പുരുഷനായും വേഷപ്രച്ഛന്നനായും നപുംസകമായും വരാം. സൗന്ദര്യം കൂടിയെന്നും കുറഞ്ഞെന്നും വരാം. ചിലപ്പോൾ അധികം സംസാരിച്ചെന്നു വരില്ല. ചിലപ്പോൾ വാചാലതയുടെ ശേഷത്തിലെന്നും വരാം. നാക്കിൽ കുഴിബോംബ് മുതൽ ആറ്റംബോബ് വരെ വഹിക്കാൻ ഇവർക്ക് ശക്തിയുണ്ടാകും.
കൈകേയിയുടെ അടുത്ത് ആദ്യമെത്തുന്ന മന്ഥര ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ദുരന്തനാടകം ചമച്ചു. രാമാഭിഷേകം മുടങ്ങി. രാമലക്ഷ്മണൻമാരും സീതയും കാട്ടിലേക്ക്. ഭരതന് സിംഹാസനം ദശരഥന് നീറി നീറി മരിക്കാനുള്ള അവസരവും. ഓരോ വ്യക്തിയും പാടുപെട്ട് ചമയ്ക്കുന്ന ജീവിതത്തെ ചീട്ടുകൊട്ടാരം പോലെ മന്ഥര തകർത്തു കളയും. ദശരഥന്റെ ശവസംസ്കാരം കഴിഞ്ഞു. മരണാനന്തരചടങ്ങുകൾ പതിമൂന്നാം ദിവസം പൂർത്തിയായി അപ്പോഴാണ് മന്ഥരയുടെ അടുത്തവരവ്. ശരീരമാകെ ചന്ദനച്ചാറ് പൂശിയിരിക്കുന്നു. അയോദ്ധ്യയിലോ ശ്മശാനഗന്ധം. വിശിഷ്ട വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും തിളക്കം. അയോദ്ധ്യാവാസികളുടെയെല്ലാം ജീവിതം ഇരുട്ടിലാക്കിയതോർത്ത് മന്ഥര പുഞ്ചരിക്കാം. കോപ മടക്കാനാകാതെ ശത്രുഘ്നൻ പൂണ്ടടക്കം പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ധർമ്മസ്വരൂപിയായ ശ്രീരാമന് ഇഷ്ടപ്പെടില്ല എന്ന് ഭരതൻ ഓർമ്മിപ്പിക്കുമ്പോൾ വിട്ടയക്കുകയാണ്.
നമ്മുടെ ജീവിതത്തിലും ഇതേ പോലെ ഗൂഢതന്ത്രങ്ങൾ കൊണ്ട് സർവവും തകർത്തെറിഞ്ഞിട്ട് മന്ഥര വരും, പരിഹാസച്ചിരിയുമായി. അതുമല്ലെങ്കിൽ നമ്മെ തോൽപ്പിച്ചെന്ന അഭിമാനമായി. ഒരു വ്യത്യാസമുണ്ട്. രാമായണത്തെ ദുരന്തമയമാക്കിയത് മന്ഥരയാണെന്ന് പലർക്കും തിരിച്ചറിയാനായി. സാധാരണക്കാരുടെ ജീവിതത്തിൽ അതിന് കഴിഞ്ഞെന്നും വരില്ല. എത്രയൊക്കെ പഠിച്ചാലും ആരാധിക്കുന്നവരും കുറവല്ല.
വട തിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ഒരു സാധാരണക്കാരൻ പോറ്റിസാറിനോട് ഒരു സംശയം ചോദിച്ചു: എല്ലാ മന്ഥരമാരും കൂനികളായിരിക്കുമല്ലോ. പോറ്റിസാർ പുഞ്ചിരിച്ചുകൊണ്ട് വിശദീകരിച്ചു, ആയിരിക്കും. ശരീരത്തിലായിരിക്കില്ല കൂന്. മനസിനുള്ളിലായിരിക്കും. അതുബുദ്ധി കൊണ്ടേ തിരിച്ചറിയാനാകൂ. മന്ഥരമാരെ തുരത്താൻ എളുപ്പവഴിയുണ്ട്. നല്ല വാക്കോതുന്ന നാവും ചീത്തവാക്ക് കേൾക്കാൻ കൂട്ടാക്കാത്ത ചെവിയും. ചെറിയ കാര്യങ്ങളെന്തോ പറഞ്ഞ മട്ടിൽ പോറ്റിസാർ ഇറങ്ങി നടന്നു.
(ഫോൺ: 9946108220)