മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കായികതാരമാണ് മേഴ്സിക്കുട്ടൻ. അസൗകര്യങ്ങൾ മാത്രം പറയുന്ന പുതിയതലമുറ കണ്ടുപഠിക്കേണ്ടതാണ് ട്രാക്കിലെ അവരുടെ ജീവിതം. കേരളത്തിൽ നിന്നും ഒരു ഒളിംപിക് മെഡൽ എന്ന സ്വപ്നം മനസിൽ കൊണ്ടുനടക്കുന്ന മേഴ്സിക്കുട്ടനെ തേടി പുതിയൊരു നിയോഗം കൂടി എത്തിയിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന പദവി. പുതിയ പദവിയെയും പദ്ധതികളെയും കുറിച്ച് മേഴ്സിക്കുട്ടൻ സംസാരിക്കുന്നു.
ഒരു കായികതാരം തന്നെ ഇങ്ങനെയൊരു പദവിയിലെത്തുമ്പോൾ ?
എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. നേരത്തേ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു. അതുകൊണ്ടുതന്നെ അവിടത്തെ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായിരുന്നു. പിന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയപ്പോൾ വലിയ ബുദ്ധിമുട്ടായി തോന്നിയില്ല എന്നതാണ് സത്യം. ആ അനുഭവസമ്പത്ത് ഉപയോഗിച്ച് കാര്യങ്ങളൊക്കെ നന്നായി ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. സർക്കാരിന്റെയും സഹപ്രവർത്തകരുടേയും ശക്തമായ പിന്തുണയും ഉണ്ട്. അതു വലിയൊരു സഹായമാണ്.
കായിക കേരളത്തിന് വേണ്ടി എന്തൊക്കെ പദ്ധതികളാകും ഇനി കൊണ്ടുവരിക?
പ്രതിഭകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടുന്ന എല്ലാ കാര്യങ്ങളും സ്പോർട്സ് കൗൺസിൽ വഴി ചെയ്യും. ഒട്ടും കാലതാമസമില്ലാതെ അതൊക്കെ ചെയ്തുകൊടുക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒരു കായികതാരത്തിന്റെ ബുദ്ധിമുട്ടുകൾ ആരും പറയാതെ തന്നെ എനിക്ക് മനസിലാകും. അത് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാനും. അവരുടെ ആവശ്യങ്ങൾ അധികാരികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ എനിക്കാവും എന്ന വിശ്വാസമുണ്ട്. കായികരംഗത്തിന് വേണ്ടി ഒരുപാട് പദ്ധതികൾ മനസിലുണ്ട്. ചിലതൊക്കെ നേരത്തേ തന്നെ ചർച്ച ചെയ്തിരുന്നവയാണ്. കായികതാരങ്ങൾക്ക് പിന്നെയുള്ളത് പരിശീലകരുടെ കാര്യമാണ്. അക്കാര്യത്തിൽ ചില പരിമിതികളൊക്കെ ഉണ്ട്. അതിനെയൊക്കെ മറികടക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പുതിയ പരിശീലകരെ നിയമിക്കണം. ഓരോ രംഗത്തും വരുന്ന പുതിയ കാര്യങ്ങൾ അവർക്കു കൂടി ലഭിക്കണം.അതിനുള്ള സംവിധാനങ്ങൾ ഒരുക്കണം.
കായികരംഗത്ത് ഒരു പുത്തനുണർവ് പ്രതീക്ഷിക്കാമോ?
തീർച്ചയായും. എല്ലാ രംഗത്തും മാറ്റങ്ങൾ ഉണ്ടാകുന്നതുപോലെ കായികരംഗത്തും കാലം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിൽ പോലും സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഞങ്ങളുടെയൊക്കെ കാലത്ത് പരിമിതമായ സൗകര്യങ്ങൾക്കിടയിൽ നിന്നും മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തിയിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഉള്ളതിന്റെ പകുതി പോലും ആ കാലത്ത് കിട്ടിയിരുന്നില്ല എന്ന് വേണം പറയാൻ. ഇന്ന് ട്രാക്കും ഗ്രൗണ്ടുമൊന്നും ഒരു പ്രശ്നമേയല്ല. 2020 ഓടു കൂടി കേരളത്തിലെ കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം നൂറ് ശതമാനവും പൂർത്തിയാകും. എല്ലാ ജില്ലകളിലും ഇൻഡോർ സ്റ്റേഡിയങ്ങളും ട്രാക്കുകളുമൊക്കെ ഉണ്ടാവും.
എന്തുകൊണ്ടാണ് സ്പോർട്സിലേക്ക് അധികം പേർ എത്താത്തത്?
കേരളം കായികരംഗത്ത് മുന്നോട്ടുതന്നെയാണ് പോകുന്നത്. പക്ഷേ, അതിന്റെ വേഗത ഇനിയും കൂടാനുണ്ട്. ഇപ്പോൾ പല ക്ലബ്ബുകളും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളും ദ്റുതഗതിയിൽ നടക്കുന്നുണ്ട്. മുമ്പ് സ്കൂൾ കാലഘട്ടം കഴിഞ്ഞാൽ കുട്ടികൾ നേരേ കോളേജിലേക്കാണ് പോകുന്നത്. അങ്ങനെ പോകുമ്പോൾ സ്വാഭാവികമായും പരിശീലകരും മാറും. അവരുടെ നിലവാരത്തിനനുസരിച്ച് പരിശീനത്തിൽ മാറ്റം വരുത്തുക തന്നെ വേണം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, പരിശീലകരിൽ പലരും കുട്ടികളെ പിടിച്ചുവച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അങ്ങനെ വരുമ്പോൾ വിദഗ്ദ്ധരായ പരിശീലകരുടെ മുന്നിലേക്ക് കുട്ടികൾ എത്താതെവരും. ശരിക്കും നമ്മുടെ സ്പോർട്സ് കൗൺസിലിൽ മികച്ച പരിശീലകരുണ്ട്. പക്ഷേ അവരുടെ അടുത്തേക്ക് കുട്ടികൾ എത്തുന്നില്ല എന്നതാണ് സത്യം. ഇടക്കാലത്ത് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകളുടെ നിലവാരത്തിൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ അതിന് വലിയ മാറ്റം വന്നിട്ടുണ്ട്. അവിടത്തെ സൗകര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുത്തി മികച്ച പരിശീലകരേയും നിയമിച്ചാൽ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വരും. നല്ല പരിശീലകർ ഉണ്ട് എന്നതുതന്നെയാണ് കുട്ടികൾ വരാനുള്ള ഏറ്റവും നല്ല കാരണം. അതിന് ഏറ്റവും വലിയ ഉദാഹരണം നമ്മുടെ എലൈറ്റ് ക്യാമ്പുകളാണ്. അവിടെയുള്ള കുട്ടികളെല്ലാവരും ഒളിംപിക്സിലും എഷ്യൻ ഗെയിംസിലുമൊക്കെ പങ്കെടുക്കുന്നവരാണ്. നാഷണൽ ക്യാമ്പ് തുടങ്ങുന്ന സമയത്ത് കുട്ടികൾ അങ്ങോട്ട് മാറുന്നു. അങ്ങനെ വരുമ്പോൾ അവർക്ക് തുടർച്ചയായി മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ സമയത്ത് അങ്ങനെയല്ലായിരുന്നു. ആകെ രണ്ടോ മൂന്നോ മാസം മാത്രമേ നാഷണൽ ക്യാമ്പിലെ പരിശീലനം ഉണ്ടായിരിക്കുകയുള്ളു. അതിന് ശേഷം സ്വന്തം പരിശീലകന്റെ അടുത്ത് പരിശീലനം നടത്താം. ഇപ്പോൾ കുട്ടികൾ നിർബന്ധമായും നാഷണൽ ക്യാമ്പ് ഉള്ളസമയത്തെല്ലാം അവിടത്തെ പരിശീലനത്തിൽ പങ്കെടുത്തിരിക്കണം എന്നാണ്. അവിടത്തെ സാഹചര്യങ്ങളുമായി അവർ പൊരുത്തപ്പെടണം. മത്സരങ്ങളിൽ അത് അവരെ സഹായിക്കുകയും ചെയ്യും.
അധികം വൈകാതെ കേരളത്തിലേക്ക് ഒരു ഒളിമ്പിക് മെഡൽ എത്തുമോ?
തീർച്ചയായും. കേരളത്തിൽ നിന്നും ഒരു ഒളിംപിക് മെഡൽ എന്നതാണ് കൗൺസിലിന്റെ ആത്യന്തികമായ ലക്ഷ്യം. വ്യക്തിപരമായി എന്റേയും ഏറ്റവും വലിയ ആഗ്രഹമാണ് അത്. ലോകത്തുള്ള എല്ലാ കായികതാരങ്ങളുടേയും സ്വപ്നമാണ് ഒളിംപിക് മെഡൽ. അതിനുവേണ്ടി നമ്മളും ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഓപ്പറേഷൻ ഒളിംപ്യയൊക്കെ.
പുതിയ തലമുറ സ്പോർട്സിനെ സ്നേഹിക്കുന്നില്ല എന്നു തോന്നുന്നുണ്ടോ?
പണ്ടത്തെ താരങ്ങൾക്ക് സ്പോർട്സിനോട് ഒരു അർപ്പിതമനോഭാവമുണ്ടായിരുന്നു. ഇപ്പോൾ വരുന്ന പലർക്കും അതില്ല എന്നതാണ് സത്യം. ഉദാഹരണത്തിന് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരാൾക്ക് ഒരു നല്ല ജോലി കിട്ടി. അതോടെ അയാൾ കായികരംഗം വിടുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ പലരും നേട്ടങ്ങളിലേക്കുള്ള കുറുക്കു വഴി ആയാണ് കായികമേഖലയെ കാണുന്നത്. ഞങ്ങളൊക്കെ ട്രാക്കിലുള്ള സമയത്ത് ഒരു ലക്ഷ്യമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു മെഡൽ നേടണം അല്ലെങ്കിൽ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കണം അങ്ങനെയൊക്കെയായിരുന്നു. കായികരംഗത്തെ സംബന്ധിച്ച് സാമ്പത്തികം എന്നത് ഒരു പ്രധാനഘടകമാണ്. അനുകൂലമായ സൗകര്യങ്ങളൊരുക്കുന്നതിന് അത് അത്യാവശ്യഘടകമാണ്. കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക തന്നെ വേണം. എന്നാലും ചിലരെങ്കിലും അത്തരം സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നുണ്ട്. സ്പോർട്സ് ഹോസ്റ്റലിൽ അഡ്മിഷനെടുത്താൽ പിന്നെ അവരുടെ സ്വാതന്ത്രമാണ് എന്ന രീതിയിലുള്ള ചിന്തകൾ മാറണം. പൂർണമനസോടെ പരിശീലനത്തിന് തയ്യാറാവണം. എല്ലാവരുമില്ലെങ്കിലും ചിലരെങ്കിലും അത്തരത്തിൽ പെരുമാറുന്നുണ്ട്.
ഇന്നത്തെ കുട്ടികൾ സ്പോർട്സിനെ ലക്ഷ്യങ്ങൾ നേടാനുള്ള ഒരു കുറുക്കുവഴിയായിട്ടാണോ കാണുന്നത്?
അങ്ങനെയും പറയാം. അവരെ സംബന്ധിച്ച് നല്ലൊരു ജോലി നേടുക. പുതിയ വണ്ടി വാങ്ങുക. അതുകഴിഞ്ഞ് 26 -27 വയസാവുമ്പോൾ വിവാഹം കഴിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. അതോടെ സ്പോർട്സിനെ മറക്കും. പണ്ട് അങ്ങനെയായിരുന്നില്ല. സ്കൂൾ തലത്തിൽ നല്ല നിലയിൽ ഉയർന്നുവരുന്ന ഒരു കായികതാരം സ്പോർട്സിന്റെ ഗ്രേസ് മാർക്കോടു കൂടി എൻട്രൻസ് പാസാവുകയും നല്ലൊരു കോളേജിൽ മെഡിസിനോ എൻജിനിയറിംഗിനോ അഡ്മിഷൻ കിട്ടുന്നതോടെ സ്പോർട്സിൽ നിന്നും വിട്ടുപോകുന്ന അവസ്ഥയാണ്. ആ ലക്ഷ്യത്തോടെ കായികരംഗത്തെ സമീപിക്കുന്നവരും കുറവല്ല. അത്തരത്തിൽ ചിന്തിക്കുന്നവർ ആത്മാർത്ഥമായി കായികരംഗത്തെ സ്നേഹിക്കുന്നവരെ കൂടി ഓർത്തുകൊണ്ടുവേണം കായികരംഗത്തേക്ക് ഇറങ്ങാൻ. മറ്റ് ലക്ഷ്യങ്ങളിലേക്കുള്ള കുറുക്കുവഴിയായി മാത്രം സ്പോർട്സിനെ കാണരുത്. എൻജിനിയറിംഗും മെഡിസിനും മാത്രമല്ല സാധാരണ ഡിഗ്രിയും പിജിയും കഴിയുന്ന കുട്ടികൾക്കും നല്ല ജോലികൾ കിട്ടുന്നുണ്ട്. പണ്ട് പതിവായി പറയുന്ന പല്ലവിയായിരുന്നു സ്പോർട്സ് രംഗത്തുള്ള കുട്ടികൾ പഠനത്തിൽ പിന്നിലാവുന്നു എന്നത്. പക്ഷേ ഇന്ന് കായികരംഗത്തും പഠനത്തിലും ഒരുപോലെ തിളങ്ങുന്ന കുട്ടികളുണ്ട്. അതേസമയം പലപ്പോഴും മറ്റ് ലക്ഷ്യങ്ങളിലെത്താനുള്ള കുറുക്ക് വഴിയായി ഇതിനെ കാണുന്ന കുട്ടികളുടെ മനോഭാവം ആത്മാർത്ഥമായി സ്പോർട്സിനെ സ്നേഹിക്കുന്നവരുടെ അവസരം നഷ്ടമാക്കുന്നുണ്ട്.
കായികമേഖലയിൽ കേരളം നേരിടുന്ന പ്രതിസന്ധികളെന്തൊക്കെയാണ്?
സർക്കാർ കായികരംഗത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് പ്രതിഭയുള്ള കുട്ടികളെ നമുക്ക് കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്നം. മുമ്പൊക്കെ സ്പോർട്സ് ആഗ്രഹിച്ച് വരുന്ന കുട്ടികൾ ധാരാളമുണ്ടായിരുന്നു. അവരൊക്കെയും ആശ്രയിച്ചിരുന്നത് സ്പോർട്സ് കൗൺസിലിന്റെ പരിശീലനം തന്നെയായിരുന്നു. കൗൺസിലിന് മൂന്നോ നാലോ ഹോസ്റ്റലുകളേ ഉണ്ടായിരുന്നുള്ളു. അതൊക്കെയും നല്ല നിലവാരമുള്ളവയും ആയിരുന്നു. പക്ഷേ ഇപ്പോൾ കൗൺസിലിന് കീഴിൽ ഒരുപാട് ഹോസ്റ്റലുകൾ ഉണ്ട്. പക്ഷേ അവയ്ക്കൊന്നും മുമ്പത്തെയത്ര നിലവാരമില്ല എന്നതാണ് സത്യം. ഹോസ്റ്റലുകളുടെ എണ്ണത്തിലല്ല, മറിച്ച് കാര്യക്ഷമതയിലാണ് കാര്യം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.
സ്പോർട്സിൽ തിളങ്ങിയ പലരും ഇന്ന് ജോലി ചെയ്യുന്നത് കേരളത്തിന് പുറത്തല്ലേ?
ഓരോ താരങ്ങളെ സംബന്ധിച്ചും ജോലി എന്നത് ഒരു അത്യാവശ്യഘടകമാണ്. മുമ്പൊക്കെ റെയിൽവേ, പൊലീസ് അങ്ങനെ ഓരോ വകുപ്പുകളാണ് സ്പോർട്സ് താരങ്ങൾക്ക് ജോലി നൽകിയിരുന്നത്. അവർക്കൊക്കെയും കേരളത്തിൽ തന്നെ നിയമനവും കിട്ടുമായിരുന്നു. ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറി. ഇവിടത്തെ കുട്ടികൾക്ക് ജോലിക്കുവേണ്ടി പുറത്തേക്ക് പോകേണ്ടി വരരുത് എന്ന ലക്ഷ്യത്തിനായി ഗവൺമെന്റും സ്പോർട്സ് കൗൺസിലും ഒരുമിച്ച് പ്രവർത്തിക്കും. ഒരു വർഷം പി.എസ്.സി വഴി 150 പേർക്ക് ജോലി നൽകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 2010 വരെയുള്ള അർഹരായ മുഴുവൻ കുട്ടികൾക്കും ഈ വർഷം തന്നെ ജോലി നൽകാൻ പറ്റുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒന്നുരണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇനിയുള്ള വർഷങ്ങളിൽ ജോലിയുടെ ഭാഗമായി കുട്ടികൾക്ക് ഒരു പ്രശ്നവും ഉണ്ടാവരുത് എന്നാണ് ലക്ഷ്യം.
ഒരു സ്ത്രീയെന്ന നിലയിൽ താങ്കളുടെ വിജയം അഭിനന്ദനാർഹമാണ്. പക്ഷേ ഒട്ടും എളുപ്പമായിരിക്കില്ല ആ യാത്ര?
പതിനെട്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. അതുകഴിഞ്ഞ് 24 വയസിൽ എനിക്ക് കുഞ്ഞുണ്ടായി. ട്രാക്കിൽ വന്നു തുടങ്ങിയ സമയത്തേയുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമായിരുന്നു ഒളിംപിക്സിൽ പങ്കെടുക്കണം എന്നത്. ആ ആഗ്രഹത്തിന് എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ തന്നത് എന്റെ ഭർത്താവായിരുന്നു. കുഞ്ഞിന് 11 മാസം പ്രായമുള്ളപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രതലത്തിൽ മത്സരിച്ചു. അത് കഴിഞ്ഞ് ഒളിംപിക്സിലും പങ്കെടുത്തു. നമ്മുടെ ലക്ഷ്യങ്ങളിലെത്തുന്നതിനായി കുറച്ച് സന്തോഷങ്ങളൊക്കെ ചിലപ്പോൾ വേണ്ടെന്ന് വയ്ക്കണം. അങ്ങനെ സ്വന്തം സന്തോഷങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറുള്ളവർ ഇന്ന് കുറവാണ്. സ്വന്തം കാര്യങ്ങൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നതാണ് ഇന്നത്തെ അവസ്ഥ.
അത്ലറ്റ് എന്നനിലയിലും അമ്മ എന്ന നിലയിലും ഞാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് മക്കളുടെ അഭിപ്രായം. അത് ഒരു പരിധിവരെ സത്യമാണ്, പരിശീലനത്തിന്റെ കാര്യത്തിൽ സ്വന്തം മകനായാലും വേറേ ഏതൊരു കുട്ടിയായാലും ആ സമയത്ത് കർക്കശക്കാരിയായ പരിശീലക മാത്രമാണ്. രണ്ട് മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അവർ ആവശ്യപ്പെടുന്ന എല്ലാകാര്യങ്ങളും അപ്പോൾ തന്നെ നടത്തിക്കൊടുക്കുന്ന പതിവൊന്നും ഇല്ല. അവശ്യങ്ങൾ ചെയ്തുകൊടുക്കും എന്ന് അവർക്കറിയാം പക്ഷേ അതിനൊക്കെ അതിന്റേതായ സമയമുണ്ട്.