മലയാള സിനിമാത്തറവാട്ടിലെ അമ്മയാണ് കവിയൂർ പൊന്നമ്മ. എത്രയെത്ര സിനിമകൾ... എത്രയെത്ര അമ്മ വേഷങ്ങൾ... ഇന്നും ഒരു പരാതിയുമില്ലാതെ ആ വേഷം ഗംഭീരമാക്കാൻ ഈ അമ്മയ്ക്ക് ഒരു മടിയുമില്ല. സിനിമയിലെത്തിയിട്ട് അറുപത് വർഷങ്ങൾ പിന്നിടുന്ന വേളയിൽ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം അവർ സംസാരിക്കുന്നു.
സിനിമയിലെത്തിയിട്ട് 60 വർഷമാകുന്നു?
അതെ. അവാർഡൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ സ്നേഹം ഇത്രയധികം ലഭിച്ചിട്ടുള്ളവർ അധികം ഉണ്ടാവില്ല. അതല്ലേ ഏറ്റവും വലിയ സമ്പാദ്യം. കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ ജീവിച്ചു പോകുന്നു. അതു തന്നെയാണ് സന്തോഷം.
മലയാള സിനിമ അമ്മയായാണ് കാണുന്നത്. സ്വന്തം അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ?
അമ്മയ്ക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ. ഞങ്ങൾ ഏഴു മക്കളാണ്. അതിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. അമ്മയെക്കുറിച്ചു ഓർക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് കുട്ടിക്കാലത്തു നടന്ന ഒരു സംഭവമാണ്. എന്നെയും അനുജത്തിയെയും കുളിക്കാനായി എണ്ണയൊക്കെ തേച്ചു കിണറ്റിന്റെ കരയിൽ നിറുത്തിയിട്ട് അമ്മ അരിവാർത്തിട്ട് വരാമെന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി. കല്ലുകളൊക്കെ ഇളകിയിരിക്കുന്ന പഴയ ഒരു കിണറായിരുന്നു അത്. എന്റെ അനുജത്തി കല്ലിൽ കയറിയിരുന്ന് കളിക്കുന്നതൊന്നും ഞാനറിഞ്ഞില്ല. പെട്ടെന്ന് കല്ലിളകി അവൾ കിണറ്റിലേക്ക് വീണു. എന്റെ വിളികേട്ടു അമ്മ ഓടിവന്നു. ഒന്നും നോക്കാതെ കിണറ്റിലേക്ക് എടുത്തു ചാടി. അയൽക്കാരാണ് അവസാനം അമ്മയെയും അനുജത്തിയെയും രക്ഷിച്ചത്. എന്നെ 'കൊച്ചേ "എന്നാണ് അമ്മ വിളിച്ചിരുന്നത്. ഞാനെന്റെ കൊച്ചിന്റെ അടുത്ത് കിടന്നേ മരിക്കൂയെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചു.
എന്തുകൊണ്ടാണ് അമ്മ വേഷങ്ങളിൽ മാത്രം ഒതുങ്ങിയത് ?
എന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളിൽ കാണാൻ പ്രേക്ഷകർക്ക് തീരെ ഇഷ്ടമില്ലായിരുന്നു. നെഗറ്റീവ് വേഷങ്ങളിൽ അഭിനയിക്കരുതെന്ന് പറഞ്ഞു പലരും ഫോൺ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്നേഹിക്കാനേ അറിയൂ. കുറച്ചു മാസങ്ങൾക്കു മുൻപ് ഏതോ സംവിധായകൻ വിളിച്ചു ഒരു വില്ലത്തിയുടെ വേഷം ഉണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകർ നിന്നെ അടിക്കും അതിനു ശേഷമേ എന്നെ അടിക്കൂവെന്ന് ഞാൻ പറഞ്ഞു.
നായികയായി അഭിനയിക്കാൻ കഴിയാത്തതിൽ വിഷമമില്ലേ?
ഒരിക്കലുമില്ല. എന്നെ എന്നും അമ്മയായും സഹോദരിയായും കാണാനാണ് പ്രേക്ഷകർക്കും ഇഷ്ടം. ഓവർ ആക്ടിംഗ് വശമില്ല. ചില ഷോട്ടുകൾ എടുക്കുമ്പോൾ സംവിധായകൻ ശശികുമാർ സാർ പറയും പൊന്നമ്മച്ചി ഇച്ചിരിക്കൂടി പോരട്ടെയെന്ന്. എനിക്ക് ഇത്രയേ വരൂള്ളൂ സാറേ എന്ന് ഞാൻ പറയും. അന്നുമിന്നും അതിഭാവുകത്വം സൃഷ്ടിക്കുന്ന അഭിനയശൈലിയോട് തീരെ താത്പര്യമില്ല.
ഭർത്താവ് മണിസ്വാമിയുമായിട്ടുള്ള ദാമ്പത്യജീവിതം തകർന്നപ്പോൾ എങ്ങനെയാണ് പിടിച്ചു നിന്നത്?
1965- ൽ ചെന്നൈയിലെ ഒരമ്പലത്തിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. കുറച്ചു വർഷമേ ഞങ്ങൾ ഒന്നിച്ചു ജീവിച്ചുള്ളു. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ എന്നെ മർദ്ദിക്കുന്നത് മണിയൻപിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും സംശയമായിരുന്നു. ഞാനുമായി അകന്നശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇടയ്ക്ക് കുളിമുറിയിൽ വീണെന്ന് ആരോ പറഞ്ഞറിഞ്ഞാണ് ആലുവയിലെ എന്റെ വീട്ടിൽ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് എഴു വർഷമായി. ബ്രെയിൻ ട്യൂമാറായിരുന്നു. മരിക്കുന്നതിനു പത്തു പതിനഞ്ചു ദിവസം മുൻപേ സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലിൽ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളിൽ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നി.
ജീവിതത്തിലെ അമ്മ?
എനിക്ക് ഒരു മകളാണ്, ബിന്ദു. ഭർത്താവിനൊപ്പം അമേരിക്കയിലാണ്. രണ്ടു പേരക്കുട്ടികളുണ്ട്. രണ്ടും ആൺകുട്ടികളാണ്. മൂത്തവന് 20 വയസായി. ഇളയവന് എന്നെപ്പോലെ നല്ല തടിയാ. ഇവിടെ വരുമ്പോൾ ഡാൻസ് ഒക്കെ ചെയ്തു കാണിക്കും.
l