sa

മാഞ്ചസ്റ്റർ: ലോകകപ്പിൽ ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റൺസിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇതോടെ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടും. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 325 റൺസ് പിന്തുടർന്ന ഓസീസ് 49.5 ഓവറിൽ 315 റൺസിൽ പുറത്തായി. ഓസീസിനായി വാർണറും ക്യാരിയും മാത്രമാണ് തിളങ്ങിയത്. ആരോൺ ഫിഞ്ച്(3), സ്റ്റീവ് സ്‌മിത്ത്(7), മാർക്കസ് സ്റ്റോയിനിസ് (22), ഗ്ലെൻ മാക്‌സ്‌വെൽ (12), പാറ്റ് കമ്മിൻസ്(9), സ്റ്റാർക്ക് 16, ഖവാജ (18) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.

സെഞ്ചുറി നേടിയ ഡേവിഡ് വാർണറും അലക്‌സ് ക്യാരിയും ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും വാർണറും (122 ) ക്യാരിയും ( 85)​ പുറത്തായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ഫാഫ് ഡുപ്ലസിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് (100) 50 ഓവറിൽ ആറ് വിക്കറ്റിന് 325 റൺസെടുത്തു ഡികോക്ക് 52 റണ്‍സ് നേടി. ഓസ്‌ട്രേലിയക്കായി സ്റ്റാർക്കും ലിയോണും രണ്ട് വിക്കറ്റ് വീതവും കമ്മിൻസും ബെഹ്‌റെൻഡോർഫും ഓരോ വിക്കറ്റും വീഴ്‌ത്തി.