shalini

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ശാലിനി. രാജ്കുമാറിനെ പൊലീസിൽ ഏൽപ്പിക്കുന്നതിനിടെ നാട്ടുകാർ മർദിച്ചെന്ന് കൂട്ടുപ്രതി ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം മരണം സംഭവിക്കാൻ മാത്രം ക്രൂരമായി നാട്ടുകാർ കയ്യേറ്റം ചെയ്തിട്ടില്ലെന്നും പൊലീസാണ് ക്രൂരമായി മർദിച്ചതെന്നും താൻ അതിന് ദൃക്‌സാക്ഷിയാണെന്നും ശാലിനി വ്യക്തമാക്കി.

അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും, എസ്.ഐയുടെ നിർദേശപ്രകാരം തന്നെയും പൊലീസ് മർദിച്ചുവെന്നും മുളക് പ്രയോഗം നടത്തിയെന്നും ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കോടികളുടെ ഇടപാടുകൾ നടന്നിട്ടില്ല. ഇടപാടുകാരിൽ നിന്ന് പിരിച്ചെടുത്തത് 15 ലക്ഷം രൂപ മാത്രം. രാജ്കുമാർ കൂടുതൽ പണം വാങ്ങിയോയെന്ന് അറിയില്ല. പണം മലപ്പുറത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് രാജ്കുമാർ പറഞ്ഞത്.

മുമ്പ് എസ്.ഐ സാബു രാജ്കുമാറിനോട് 50000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. അന്ന് തന്നെ പണം കൊടുക്കാൻ സാധിച്ചില്ല. പിറ്റേദിവസം കൊടുക്കാമെന്നാണ് കരുതിയത്. അപ്പോഴേക്ക് രാജ്കുമാറിനെ അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരൻ മോശമായി സംസാരിച്ചു. തന്റെ ബാഗിലുണ്ടായിരുന്ന 2.30ലക്ഷം രൂപ പൊലീസ് പിടിച്ചുവാങ്ങി'. -ശാലിനി പറഞ്ഞു.

ഇടനിലക്കാരൻ നാസറിനെ നേരിട്ട് അറിയില്ലെന്നും നാസറാണ് പണം മുടക്കുന്നതെന്ന് രാജ്കുമാർ പറഞ്ഞിരുന്നുവെന്നും ശാലിനി പറഞ്ഞു. വായ്പ വാങ്ങുന്നതിനാണ് രാജ്കുമാറിനെ പരിചയപ്പെട്ടത്. കൂലിപ്പണി ചെയ്യുകയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണ്. സംഘത്തിലേക്ക് കൂടുതൽ ആളുകളെ ചേർത്തതിനാലാണ് തന്നെ എം.ഡിയാക്കിയതെന്നും ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കസ്റ്റഡി കൊലപാതകത്തിൽ പ്രതിപ്പട്ടിക വിപുലീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ജൂൺ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്.