encephalitis-bihar

പാട്‌ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിന് കാരണം ലിച്ചിപ്പഴമല്ലെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽ ഷാഹി. കടുത്ത ചൂട് കാരണമാകാം 150 കുട്ടികൾ മരിച്ചതെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും ഡോക്ടർ അറിയിച്ചു.

ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കുട്ടികൾക്ക് അസുഖം വരാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിൽ പോലും ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്താൻ കാരണം ചൂടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലിച്ചിപ്പഴം കഴിച്ചതാണ് ഇത്തരത്തിൽ കുട്ടികൾ മരിക്കാൻ കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഡോക്ടർ തള്ളിക്കളഞ്ഞു. ഒരുവയസിന് താഴെ പ്രായമുള്ള കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികൾ ലിച്ചിപ്പഴം കഴിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

'ഈ വർഷം ആരംഭിച്ചതിന് ശേഷം 452 കുട്ടികളെയാണ് മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 300 പേരുടെ അസുഖം പൂർണ്ണമായി മാറി. ആറ് കുട്ടികളാണ് ഇപ്പോൾ ഐ.സിയുവിലുള്ളത്. വാർഡിൽ 14കുട്ടികളുണ്ട്. അവരെ നാളെ ഡിസ്ചാർജ് ചെയ്യും'-ഡോക്ടർ സുനിൽ ഷാഹി പറഞ്ഞു.