തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവി ഉൾക്കൊണ്ട് ജനങ്ങളിലേക്ക് മടങ്ങാനുള്ള 'മിഷൻ' പദ്ധതിയുമായി സി.പി.ഐ രംഗത്ത്. ഇതുമായി ബന്ധപ്പെച്ച് ബ്രാഞ്ച് അംഗങ്ങൾവരെയുള്ളവർക്ക് പാർട്ടിവിദ്യാഭ്യാസം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളത്ത് ചേർന്ന ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റിയിലാണ് പ്രസ്‌തുത തീരുമാനം. ഇക്കാലമത്രയും തുടർന്നു വന്ന ആഗോളീകരണത്തെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് ഇനി പ്രയോജനമില്ലെന്നും, ജനങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള പദ്ധതികളാണ് വേണ്ടതെന്നുമാണ് യോഗത്തിലെ തീരുമാനം.
പരിസ്ഥിതി പ്രശ്‌നങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് പ്രദേശികതലത്തിൽത്തന്നെ സ്വീകരിക്കണമെന്നാണ് നിർദേശം. ഈ മാസം 13 മുതൽ ജില്ലാതലത്തിൽ രണ്ടുദിവസത്തെ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പാർട്ടിക്ലാസ് നൽകുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുകയാണ് പാർട്ടിഅംഗങ്ങളുടെ പ്രധാന ദൗത്യം. ഇതിന് ഓരോ ബ്രാഞ്ചും സേവനകേന്ദ്രങ്ങളായി മാറണം. പാർട്ടിഅംഗങ്ങൾക്ക് ഓരോ വീട്ടിലും ഇത്തരമൊരു സേവനകാര്യം അറിയിക്കാനാകണം. ഓൺലൈൻ അപേക്ഷ നൽകാൻപാകത്തിൽ പാർട്ടിഓഫീസുകളിൽ സംവിധാനമുണ്ടാകണം. അക്ഷയകേന്ദ്രങ്ങൾ മാത്രമല്ല ജനസേവനകേന്ദ്രങ്ങൾ എന്ന ബോധം സി.പി.ഐ. അംഗങ്ങളുടെ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിർദേശിക്കുന്നു.
കൂടാതെ, മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടി പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണം മാദ്ധ്യമങ്ങളാണെന്നാണ് വിലയിരുത്തൽ. വാർത്തകളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. പാർട്ടിക്ലാസ് നൽകാൻ ചേർന്ന 'ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റി'യിൽ ഒരു ചാനൽ തുടങ്ങാമെന്ന നിർദേശമുണ്ടായി. എന്നാൽ, ബാധ്യയോർത്തപ്പോൾ അതുപേക്ഷിച്ചു. ആന്ധ്രയിലെ പാർട്ടിചാനൽ പൂട്ടിപ്പോയി. സംസ്ഥാനത്ത് പാർട്ടിപത്രത്തിനു സർക്കാർ പരസ്യംപോലും കിട്ടുന്നില്ല. അതുകൊണ്ട് ചാനൽവേണ്ട. ജനങ്ങളോട് സംവദിച്ചും സാമൂഹികമാദ്ധ്യമങ്ങളിൽ ഇടപെട്ടും പരിഹാരം കാണാനാണ് തിരുമാനം.
പാർട്ടിഅംഗങ്ങൾക്കു വേണ്ട അച്ചടക്കം, സംഘടനാബോധം എന്നീ കാര്യങ്ങളും പാർട്ടി ക്ലാസിലെ വിഷയങ്ങളാണ്. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് 'പാർട്ടി സ്‌കൂൾ'. ഒമ്പതംഗ കമ്മിറ്റിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.