bird

പത്തനംതിട്ട: മഴക്കാലമാണ്, വീട്ടുപറമ്പിലും മരങ്ങങ്ങളിലും വെളളക്കെട്ടുകളിലും കൊക്കുകളെയും നീർക്കാക്കകളെയും കാണാം. അവ പ്രജനനം നടത്താൻ കൂടുകൂട്ടുന്നതിനെ കൊറ്റില്ലമെന്നു പറയും. പക്ഷെ, മരങ്ങളും നീർത്തടങ്ങളും ജില്ലയിൽ കുറയുന്നതിനാൽ കൊറ്റില്ലങ്ങളും കുറയുന്നതായാണ് വിവരം.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ മരങ്ങൾ അടുത്തിടെ വെട്ടിയപ്പോൾ നിരവധി കൂടുകളാണ് തകർന്നത്. കുഞ്ഞുങ്ങൾ ചത്തു പോവുകയും മുട്ടകൾ പൊട്ടുകയും ചെയ്തു. അടൂരിന് സമീപം കിളിവയലിലും റാന്നി ബസ് സ്റ്റാൻഡിലും മരങ്ങളിൽ മുൻ വർഷം ധാരാളം കൂടുകളുണ്ടായിരുന്നത് ഇപ്പോൾ കാണാനില്ലെന്ന്പക്ഷി നിരീക്ഷകർ പറയുന്നു. ആറൻമുളയിലും തിരുവല്ലയ്ക്ക് പടിഞ്ഞാറ് മേപ്രാലിലും ധാരാളം കൊറ്റില്ലങ്ങൾ ഇപ്പോഴുമുണ്ട്. രണ്ടിടത്തും നീർത്തടങ്ങളും മരങ്ങളും ഉളളതിനാലാണ് പക്ഷികൾ എത്തുന്നത്.

വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ 2014മുതൽ ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവേ നടക്കുന്നുണ്ട്. ആറിടത്താണ് കൊറ്റില്ലങ്ങൾ കണ്ടെത്തിയത്. പത്തനംതിട്ട, അടൂർ, റാന്നി, ആറൻമുള, തിരുവല്ലയ്ക്ക് സമീപം മേപ്രാൽ എന്നിവിടങ്ങളിൽ. നീർപക്ഷികളായ ചിന്നമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, കൊച്ചു നീർക്കാക്ക, കിന്നരി നീർക്കാക്ക, ചേരക്കോഴി തുടങ്ങിയവ കൂടുകൂട്ടി പ്രജനനം നടത്തുന്നുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ കാണപ്പെടുന്ന കൂടുകളെ ഒരു കൊറ്റില്ലം എന്നാണ് കണക്കാക്കുന്നത്.

ജില്ലയിലെ കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം, പക്ഷിനിരീക്ഷക കൂട്ടായ്മയായ 'പത്തനംതിട്ട ബേഡേഴ്സ്', ഡബ്ലൂ.ഡബ്ലൂ.എഫ്. ഇന്ത്യ എന്നിവ സംയുക്തമായാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂലൈ 15ന് അവസാനിക്കും.

കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത് 40 പേരുടെ സംഘമാണ്. മുൻ വർഷങ്ങളിൽ കണക്കെടുപ്പ് നടത്തിയ സ്ഥലങ്ങളിൽ രണ്ടു തവണ അരമണിക്കൂർ വീതം നിരീക്ഷണം നടത്തും. കൂടുകളുടെ വിവരങ്ങൾ ഇ-ബേർഡ് എന്ന മൊബൈൽ ആപ്പിലേക്ക് അപ് ലോഡ് ചെയ്യും.

കൊറ്റില്ലം കണ്ടാൽ അറിയിക്കണം ഫോൺ: 9447224651.

'' മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും നീർത്തടങ്ങൾ നികത്തുന്നതും കാരണമാണ് കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നത്. മനു്ഷ്യരെപ്പോലെ പക്ഷികൾക്കും ഇൗ ലോകത്ത് ജീവിക്കാൻ അവകാശമുണ്ട്.

രാജേഷ് മാവേലിക്കര,

കൊറ്റില്ലം സർവേയുടെ ജില്ലാ കോർഡിനേറ്റർ.