-jyotiraditya-scindia

ഭോപ്പാൽ: കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാഹുൽ ഗാന്ധിക്കു ശേഷം കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സാദ്ധ്യത പറഞ്ഞുകേൾക്കുന്ന യുവനേതാവായിരുന്നു സിന്ധ്യ. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിന്ധ്യയുടെ രാജി എന്നാണ് സൂചന.

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു സിന്ധ്യ. സിന്ധ്യയെക്കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ് യു.പിയുടെ ചുമതലയുള്ളത്. എന്നാൽ, രാഹുലിന്റെ സീറ്റായ അമേതിയിലടക്കം ദയനീയമായി കോൺഗ്രസ് സംസ്ഥാനത്ത് പരാജയപ്പെടുകയായിരുന്നു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് നേരത്തെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ കനത്ത തോൽവിയെ തുടർന്നായിരുന്നു ഇത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്‌റിയ, വിവേക് തൻഖ തുടങ്ങിയ മറ്റു പല മുതിർന്ന നേതാക്കളും രാജിവച്ചിട്ടുണ്ട്

തിരഞ്ഞെടുപ്പ് തോൽവിയിൽ നിരവധി നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും താൻ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത കത്തിൽ വ്യക്തമാക്കിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത പല നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്.

രാഹുൽ രാജിവച്ചതോടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം നേതാക്കളെയാണ്. അതിൽ യുവനേതൃത്വത്തെ പരിഗണിച്ചാൽ രണ്ടു പേരുകളായിരിക്കും ചർച്ചയിൽ വരിക. ഒന്ന് സിന്ധ്യയും മറ്റൊന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും. ഇനി പരിചയസമ്പത്താണ് പരിഗണിക്കുന്നതെങ്കിൽ ദളിത് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരെയാകും പരിഗണിക്കുക.