karnataka-mla

ബംഗളൂരു: രാജിവച്ച കർണ്ണാടകയിലെ ഭരണപക്ഷ എം.എൽ.എമാർ ബി.ജെ.പി എം.പിയുടെ വിമാനത്തിൽ മുംബയിലെത്തി. രാജിവച്ച പത്ത് എം.എൽ.എമാരാണ് ഇന്നലെ രാത്രിയോടെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബയിലേക്ക് പോയത്. മുംബയിലെ സോഫ്ടെൽ ഹോട്ടലിലാണ് ഇവരുടെ താമസം. സ്പീക്കർ രാജി അംഗീകരിച്ച് കഴിഞ്ഞാൽ മാത്രമേ ഇവർ തിരിച്ച് വരൂ എന്നാണ് സൂചന.

അതേസമയം രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള മറ്റ് എം.എൽഎമാർ ബംഗളൂരുവിൽ തന്നെയുണ്ടെന്നാണ് സൂചന. ബംഗളൂരുവിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കർണ്ണാടകയിൽ ഇപ്പോൾ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ രാജിവച്ച എം.എൽ.എമാർ ഇത് തള്ളിയിരുന്നു. കൂടാതെ എം.എൽ.എമാരുടെ രാജിക്ക് കാരണം ബി.ജെ.പിയല്ലെന്ന് ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

അമേരിക്കയിലുള്ള മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്ന് ബംഗളൂരുവിലെത്തും. സ്പീക്കറുടെ ഓഫീസിലെത്തി കോൺഗ്രസ്-ജെ.ഡി.എസ് എം.എൽഎമാർ കഴിഞ്ഞദിവസം രാജിസമ‌പ്പിച്ചിരുന്നു. 224 അംഗങ്ങളുള്ള കർണ്ണാടക നിയമസഭയിൽ 15എം.എൽ.എമാർ രാജിവച്ചാൽ കുമാരസ്വാമി സർക്കാരിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല.