bcci

ലീഡ്‌സ്: ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോർ കാശ്മീർ’ എന്ന ബാനറുമായി വിമാനം പറന്ന സംഭവത്തിൽ ബി.സി.സി.ഐ ഐ.സി.സിക്കു പരാതി നൽകി. ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ബി.സി.സി.ഐ, ഇക്കാര്യത്തിലുണ്ടായ അതൃപ്തിയും കത്തിൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു ദൗർഭാഗ്യകരമാണെന്നും കത്തിൽ പറയുന്നു. നേരത്തേ ഇക്കാര്യത്തിൽ ഐ.സി.സി നിരാശ പ്രകടിപ്പിച്ചിരുന്നു.

‘വീണ്ടും ഇത്തരത്തിൽ വിമാനം പ്രത്യക്ഷപ്പെട്ടതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രതിഷേധങ്ങൾ തടയാൻ ലോകകപ്പിലുടനീളം ഞങ്ങൾ പ്രാദേശിക പൊലീസ് സേനയുമായി യോജിച്ചു പ്രവർത്തിക്കുന്നുണ്ട്. മുമ്പത്തെ സംഭവത്തിനുശേഷം ഞങ്ങൾ വെസ്റ്റ് യോർക്ക്ഷെയർ പൊലീസിൽ നിന്നും ഇനിയിത് ആവർത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയിരുന്നു. എന്നാൽ,​ വീണ്ടും ഇത് സംഭവിച്ചതിൽ അങ്ങേയറ്റത്തെ നിരാശയുണ്ട്’-ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ലോകകപ്പിനു മുമ്പ് എല്ലാ വേദികൾക്കു മുകളിലും കൊമേഴ്ഷ്യൽ അല്ലാത്ത ഒരു വിമാനവും അനുവദിക്കരുതെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളിൽ ഇത്തരമൊരു വിമാനം കണ്ടത്. ലോകകപ്പ് മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല.

‘ജസ്റ്റിസ് ഫോർ കാശ്മീർ, ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കാശ്മീരിനെ സ്വതന്ത്രമാക്കുക.’ എന്നീ വാചകങ്ങൾ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ആദ്യം മൂന്നാം ഓവറിലേക്ക് കടക്കുമ്പോഴും പിന്നീട് 17ാം ഓവറിലേക്ക് കടക്കുമ്പോഴാണ് വിമാനം പറന്നുയർന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിന് മുൻപ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടന്നപ്പോഴും ഇത്തരത്തിൽ വിമാനം പറന്നിരുന്നു. ജസ്റ്റിസ് ഫോർ ബലൂചിസ്ഥാൻ എന്ന സന്ദേശവുമായിട്ടാണ് അന്ന് വിമാനം പറന്നത്. സംഭവത്തിൽ ഐ.സി.സി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുെമന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം,​ നേരത്തെ ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലുള്ള സൈനിക ചിഹ്നം അനുവദിക്കണമെന്ന് ബി.സി.സി.ഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുന്നയിച്ച് ഭരണസമിതി തലവൻ വിനോദ് റായ് ഐ.സി.സിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം ‌ഐ‌.സി.സി തള്ളുകയായിരുന്നു. ഇന്ത്യൻ പാരച്യൂട്ട് റെജിമെൻറിന്റെ ചിഹ്നമായ ബലിദാൻ ബാഡ്ജ് പതിച്ച കീപ്പിംഗ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുൻകൂർ അനുവാദമില്ലാതെ സന്ദേശങ്ങൾ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐ.സി.സി ഇടപെടൽ.