മണ്ണിൽ വിതയ്ക്കുന്ന ഓരോ വിത്തിലും ആദ്യത്തെ മുള വരുന്നത് അതിന്റെ പുറംതോട് പൊട്ടിയാണ്. അത് വളർന്നു തുടങ്ങുന്നതോടെ തോട്
പൂർണമായും ഉപേക്ഷിക്കപ്പെടുന്നു. മുട്ടയുടെ തോട് പൊട്ടിയിട്ടാണ് അതിൽ രൂപംകൊള്ളുന്ന ജീവശരീരത്തിന്റെ ആദ്യഭാഗം പുറത്തേക്ക് വരുന്നത്. ശരീരം പൂർണമായും പുറത്തു വരുന്നതോടെ പുറംതോടും പൂർണമായും ഉപേക്ഷിക്കപ്പെടുന്നു. 100 കൊല്ലമായി പത്തായത്തിനുള്ളിൽ കിടക്കുകയായിരുന്ന ഒരു നെൽവിത്തിനുള്ളിലെ സൂക്ഷ്മജീവൻ പൊടിച്ചു വരണമെങ്കിൽ ആ നെൽവിത്തിലും ഒരു പൊട്ടൽ വന്നേ മതിയാകൂ. അതിന്റെ തണ്ട് വളർന്ന് വലുതാകുന്നതോടെ നെൽമണിയുടെ ബാഹ്യപ്രകൃതിയും ഉപേക്ഷിക്കപ്പെടുകയാണ്. ഇങ്ങനെ ഓരോ ജീവിവർഗത്തെയും നിരീക്ഷിച്ചാൽ അനിവാര്യമായ ചില ഉപേക്ഷിക്കലുകളിൽ നിന്നാണ് ആവശ്യമായ വളർച്ചയുണ്ടാകുന്നതെന്ന് ബോദ്ധ്യമാകും.
ഒരിക്കൽ ഉപേക്ഷിക്കപ്പെടുന്ന യാതൊന്നിനും പുനരാവർത്തനം സാദ്ധ്യമല്ലാത്ത നിലയിലാണ് ഓരോന്നിന്റെയും ഉപേക്ഷിക്കലിനെയും വളർച്ചയെയും പ്രകൃതി ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു സാധാരണ കാഴ്ചയായിട്ടാണ് നമുക്ക് തോന്നുന്നത്. പക്ഷേ ഇതിലടങ്ങിയിരിക്കുന്ന തത്വം വളരെ വലുതാണ്. ഏതൊരു ജീവനും അതിന്റെ ജീവശരീരം രൂപപ്പെടുത്താൻ അതിന് പിന്നിലുള്ള പ്രകൃതിയുടെ വലിയൊരു സന്ദേശത്തെ അനാവരണം ചെയ്യുന്നതാണ്. എന്താണ് ആ സന്ദേശം? ഓരോ ജീവനും ബാഹ്യരൂപം കൈക്കൊള്ളാൻ ചില ഉപേക്ഷിക്കലുകൾ അനിവാര്യമാണ്. അത് പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമമാണ്. ആ നിയമത്തിന് വിധേയമായിട്ടല്ലാതെ യാതൊന്നിനും ഈ പ്രകൃതിയിൽ സൃഷ്ടിക്കപ്പെടാനോ നിലനിൽക്കാനോ സാദ്ധ്യമല്ല. മുട്ട പൊട്ടാതെ ഒരു കോഴിക്കുഞ്ഞോ വിത്തു പൊട്ടാതെ ഒരു ചെടിയോ പൂവിതളുകൾ കൊഴിയാതെ ഒരു കായോ ഉണ്ടാവുന്നില്ലല്ലോ. ഈ ഉപേക്ഷിക്കലുകളും രൂപപ്പെടലുകളുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഭദ്രമാക്കി നിലനിറുത്തുന്നത്.
മനുഷ്യൻ ഈ പ്രക്രിയയെ രണ്ട് തലത്തിലും രണ്ട് തരത്തിലും കാണേണ്ടതുണ്ട്. അതിലൊന്ന്, ജീവശരീരത്തിനുണ്ടാകുന്ന പരിണാമ വ്യവസ്ഥയാണ്. അതാകട്ടെ അവന്റെ നിയന്ത്രണത്തിൽ പെടാത്തതും അവന്റെ അനുമതിയോ സമ്മതമോ ആവശ്യപ്പെടാത്തതും ഇഷ്ടാനിഷ്ടം അനുസരിച്ച് സംഭവിക്കാത്തതുമാകുന്നു. അത് പ്രകൃത്യാതന്നെ സംഭവിക്കുന്നതാണ്. എന്നാൽ രണ്ടാമത്തേത് അങ്ങനെയല്ല. അത് ആന്തരികതലത്തിൽ അവനവന്റെ നിയന്ത്രണത്തിലും സമ്മതത്തിലും വിവേകത്തിലും മാത്രം സംഭവിക്കുന്നതും സംഭവിക്കേണ്ടതുമാണ്. മഹാനായൊരു ശില്പി മരത്തുണ്ടിൽ നിന്നും അയാളുടെ മനസിലുള്ള ദേവതാ ശില്പത്തെ കൊത്തിയെടുക്കാൻ, അതൊഴികെയുള്ള മറ്റ് ഭാഗങ്ങളെല്ലാം അതിസൂക്ഷ്മമായി ചീന്തിയും ചുരണ്ടിയും ഉപേക്ഷിക്കുന്നു. ആ ഉപേക്ഷിക്കൽ പ്രക്രിയ വേണ്ടുംവണ്ണം പൂർണമാകുമ്പോഴാണ് അയാളുടെ മനോമുകുരത്തിൽ സൂക്ഷ്മമായി തെളിഞ്ഞു നിന്നിരുന്ന ദേവതാശില്പം പ്രത്യക്ഷമാകുന്നത്. അതുവരെ ആ മരത്തുണ്ടിനെ പാഴ്വസ്തുവായി ഉപേക്ഷിച്ചവരും അശ്രദ്ധയോടെ അതിനെ കടന്നുപോയവരും മരത്തുണ്ടിൽ നിന്നും വേറിട്ടുവന്ന ദേവതാശില്പത്തെ കാണുമ്പോൾ നെഞ്ചോട് ചേർക്കുന്നു. ഒരിക്കൽ തള്ളിക്കളഞ്ഞതിൽ നിന്നും മൂല്യവത്തായ ഒന്നിന്റെ പിറവി സാദ്ധ്യമാകുമെന്ന മൗലികമായൊരു പാഠമാണിത് അനാവരണം ചെയ്യുന്നത്.
ഇപ്രകാരം മനുഷ്യജീവിതം ഒരു ശില്പം കണക്കേ രൂപപ്പെട്ട് വരാനുള്ളതാണെന്ന് നാമറിയണം. ഒന്നിൽ നിന്ന് കളയേണ്ടതിനെ കളഞ്ഞും എടുക്കേണ്ടതിനെ എടുത്തും നമ്മുടെ ജീവിതത്തെ ശില്പ സമാനമായി വാർത്തെടുക്കേണ്ടത് നാം തന്നെയാണ്. ഇങ്ങനെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കണമെങ്കിൽ യോജിക്കാത്തതിനെയെല്ലാം യാതൊരു ഉപാധിയും കൂടാതെ ഉപേക്ഷിക്കാൻ നമുക്ക് സാധിക്കണം. അതായത് ഇരുമ്പിൽ തുരുമ്പെന്നപോലെ നമ്മുടെയുള്ളിൽ പിടിച്ചിരിക്കുന്ന രാഗദ്വേഷ മദമോഹ മാത്സര്യങ്ങളെയും അസഹിഷ്ണുതയേയും സമഭാവനാരാഹിത്യത്തേയും അഹന്തയേയും ഉപേക്ഷിക്കുന്നതിലൂടെയാണ് നമ്മൾ നമ്മളാകുന്നത്. ഒരു പുതുശ്വാസം കിട്ടണമെങ്കിൽ അതിന് മുമ്പായി ഉള്ളിലേക്ക് വലിച്ചെടുത്ത ഓരോ ശ്വാസത്തേയും ഉപേക്ഷിക്കുക തന്നെ വേണം. ഉപേക്ഷിച്ചുപേക്ഷിച്ച് ഒടുവിൽ ഉപേക്ഷിക്കാനൊന്നുമില്ലാത്ത നിലയിലെത്തുമ്പോൾ തെളിയുന്നതെന്തോ അതാണ് വാസ്തവികമായ നമ്മൾ.
ഈ ശുദ്ധാവസ്ഥയിലേക്ക് നമ്മളെ ഉയർത്താനുള്ള ചിന്തയുടെ വലിയൊരു ഗോപുരമാണ് ഗുരുദേവ തൃപ്പാദങ്ങൾ ആത്മോപദേശശതകത്തിലൂടെ ഈ വിധം നമുക്ക് നൽകിയിരിക്കുന്നത്.
ഉടയുമിരിക്കുമുദിക്കുമൊന്നുമാറി
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ
വിടരറുമൊന്നിതു നിർവികാരമാകും.
പരിണാമ വിധേയമായിരിക്കുക എന്നത് എല്ലാ ജീവശരീരത്തിന്റേയും സ്വഭാവമാണ്. എന്നാൽ അങ്ങനെയുള്ള പരിണാമങ്ങൾക്കെല്ലാം ഉപരിയായി സ്ഥിതി ചെയ്യുന്ന ആത്മാവിനെ നിർവികാര രൂപമായി ആരാണോ അനുഭവിക്കുന്നത് അവനാണ് ശുദ്ധമായ ജീവിതത്തെ ഒരു ശില്പം കണക്കേ കൊത്തിയുണ്ടാക്കുന്ന പൂർണപ്രജ്ഞനായ മനുഷ്യൻ.