സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജന പദ്ധതിയോ സാമ്പത്തിക ഉന്നമന തൊഴിൽദാന പരിപാടിയോ അല്ല. അധികാരസ്ഥാനങ്ങളിൽ മതിയായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക സമുദായങ്ങൾക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കാനുള്ള ഒരു ഭരണഘടനാ പരിരക്ഷയാണ് സംവരണം. ഇത് സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്.
103ാം ഭരണഘടനാ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ തകർക്കുന്നതും നിഷേധിക്കുന്നതുമാണ് ഈ നിയമം. ഇത് ഇപ്പോൾ സുപ്രീംകോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇനിയും തീർപ്പായിട്ടില്ല. അന്തിമതീർപ്പാകുന്നതു വരെ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് അധാർമ്മികമാണ്.
ജാതിവിവേചനവും ചാതുർവർണ്യ വ്യവസ്ഥയും ഇല്ലാതാക്കാനാണ് ഭരണഘടന ലക്ഷ്യമിടുന്നത്. ഭരണഘടന കേവലമൊരു നിയമപുസ്തകം മാത്രമല്ല. ഒരു ജീവിത സംസ്കാരത്തിന്റെ മാർഗരേഖ എന്ന നിലയിലാണ് അതിനെ സമീപിക്കേണ്ടത്. 103ാം ഭരണഘടനാ ഭേദഗതി നിയമം ജാതിവിവേചനവും ചാതുർവർണ്യ വ്യവസ്ഥയും പുനഃസ്ഥാപിക്കാനുള്ള തുടക്കം കുറിക്കലാണ്.
പാവപ്പെട്ടവരെ സഹായിക്കാനും സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ പാവപ്പെട്ടവരിൽ 87.5 ശതമാനവും എസ്.സി./എസ്.ടി./ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്നാണ് 'നീതി ആയോഗി'ന്റെ പഠന റിപ്പോർട്ടിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ പുതിയ നിയമം ഇന്ത്യയിലെ ഈ 87.5 ശതമാനം എസ്.സി./എസ്.ടി./ഒ.ബി.സി വിഭാഗത്തിലെ പാവപ്പെട്ടവരെയും മാറ്റിനിറുത്തുന്നു. ഇത് ഭരണഘടനാപരമായ ജാതിവിവേചനമാണ്.
ഈ നിയമം അനുസരിച്ച് ഉദ്യോഗത്തിനോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനോ എസ്.സി./എസ്.റ്റി./ഒ.ബി.സി. വിഭാഗത്തിലുള്ള പാവപ്പെട്ടവർ അപേക്ഷിക്കാൻ അർഹരല്ലെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ചാതുർവർണ്യവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നാക്ക ജാതിക്കാർ ഉദ്യോഗത്തിനോ വിദ്യാഭ്യാസ പ്രവേശനത്തിനോ പൊതുവഴി ഉപയോഗിക്കുന്നതിനോ പാടില്ലെന്ന് കൽപ്പിച്ചിരുന്നതിന് തുല്യമായ നിലപാടാണ്. സവർണജാതിക്കാർ മാത്രം മതിയെന്ന വ്യവസ്ഥ ചാതുർവർണ്യ വ്യവസ്ഥയുടെ പുന:സ്ഥാപനമാണ്.
ഈ സാഹചര്യത്തിൽ 103ാം ഭരണഘടനാ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് സർക്കാരിനോട് ശുപാർശ ചെയ്യണം. അതുമല്ലെങ്കിൽ ഈ നിയമം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമതീർപ്പു വരുംവരെയെങ്കിലും നടപടികൾ നിറുത്തിവയ്ക്കണമെന്ന് ശുപാർശ ചെയ്യണം.
സർക്കാർ ചുമതലപ്പെടുത്തിയതനുസരിച്ച് മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നിർദ്ദേശിക്കാനാണ് കമ്മിഷൻ ഒരുമ്പെടുന്നതെങ്കിൽ ഇനി ചേർക്കുന്ന മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
1) ജാതിവ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവർക്കും സംവരണം ലഭ്യമാക്കണം.
2) പാവപ്പെട്ടവരെ കണ്ടെത്താനുള്ള മാനദണ്ഡം ബി.പി.എൽ ആയി നിശ്ചയിക്കണം.
3) മുന്നാക്ക ജാതിയിൽപ്പെട്ടവർക്കു മാത്രമായി സംവരണം പരിമിതപ്പെടുത്തുകയാണെങ്കിൽ സംവരണ തോത് യുക്തിസഹമായും നീതിപൂർവമായും പുന:ക്രമീകരിക്കണം. നിലവിൽ ശുപാർശ ചെയ്തിരിക്കുന്ന 10 ശതമാനം മുന്നാക്ക ജാതിക്കാർക്ക് അനുവദിച്ചാൽ അത് അനീതിയും യുക്തിഭദ്രമല്ലാത്ത കടുത്ത വിവേചനവുമായിരിക്കും. ഉദാ: കേരളത്തിൽ മുന്നാക്ക ജാതിജനവിഭാഗം ജനസംഖ്യയുടെ കേവലം 20 ശതമാനം മാത്രമാണ്. അവർക്ക് 10 ശതമാനം ലഭിക്കുമ്പോൾ ജനസംഖ്യയിൽ 27ശതമാനമുള്ള മുസ്ലിം സമുദായത്തിന് പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ എട്ട് ശതമാനവും ഉദ്യോഗസ്ഥമേഖലയിൽ 12 ശതമാനവും മാത്രമാണ് സംവരണം ലഭിക്കുക. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംവരണതോത് ഇതിലും കുറവാണ്. ഈഴവ സമുദായത്തിന്റെയും ഇതര പിന്നാക്ക സമുദായങ്ങളുടെയും സ്ഥിതിയും സമാനമാണ്.
അതുകൊണ്ട് മറ്റ് പിന്നാക്ക സമുദായങ്ങളുടെ നിലവിലുള്ള സംവരണതോത് ഉയർത്താനും നിയമന സമ്പ്രദായത്തിൽ നിലവിലുള്ള റൊട്ടേഷൻ സമ്പ്രദായം പുന:പരിശോധിക്കാനും നിർദ്ദേശിക്കണം.
4) പുതിയ നിയമം അനുസരിച്ച് മുന്നാക്ക ജാതികൾക്ക് എല്ലാ അംഗീകൃത സ്ഥാപനങ്ങളിലും സംവരണം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഒ.ബി.സി. വിഭാഗങ്ങൾക്ക് നിലവിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് സംവരണം നിലവിലുള്ളത്. അതുകൊണ്ട് എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സി. സംവരണം ഉറപ്പാക്കണമെന്നും ശുപാർശ ചെയ്യണം.
അടിസ്ഥാനപരമായ പ്രധാന ചില അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും സംക്ഷിപ്ത രൂപമാണ് ഇപ്പോൾ സമർപ്പിക്കുന്നത്. വിശദമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കുന്നതിനും തെളിവുകൾ സമർപ്പിക്കുന്നതിനും അവസരം ലഭ്യമാക്കണമെന്നും അപേക്ഷിക്കുന്നു.
( E.W.S കമ്മിഷൻ ചെയർമാൻ മുമ്പാകെ സമർപ്പിക്കുന്നത്)
ലേഖകൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് . ഫോൺ : 9447275809