jio

മുംബയ്: നിങ്ങളുടെ കുട്ടികളെ കൃത്യസമയത്തു തന്നെ ഡ്രൈവർ സ്‌കൂളിൽ എത്തിക്കുന്നുണ്ടോ? സുരക്ഷിതമായ വേഗതയിലാണോ ഡ്രൈവർ കാർ ഓടിച്ചത്? കുട്ടികളെ സ്‌കൂളിൽ വിട്ടിട്ടു , അല്ലെങ്കിൽ നിങ്ങളെ ഓഫിസിൽ ഇറക്കിയിട്ടു ഡ്രൈവർ തിരികെ വീട്ടിൽ എത്തിയോ? നിങ്ങളുടെ കാർ സുരക്ഷിതമാണോ? ഇനി നിങ്ങൾ സ്ഥലത്തു ഇല്ലാത്തപ്പോൾ വീട് വൃത്തിയാക്കാൻജോലിക്കാരി എത്തിയാൽ താക്കോൽ ഇല്ലാതെ എങ്ങനെ വീട് തുറന്നു നൽകും ? വീട്ടിൽ എന്ത് ചെയ്യണമെന്ന് ഓഫീസിൽ ഇരുന്നു എങ്ങനെജോലിക്കാരിക്‌വേണ്ട നിർദേശങ്ങൾ നൽകും? വീട്ടിലെ പഴയ ടി വി, മ്യൂസിക് സിസ്റ്റം അടക്കം ഔട്ട്‌ഡേറ്റഡ് ആയ ഇലക്രോണിക് ഉപകരണങ്ങൾ ഇനി എന്തു ചെയ്യും ? ഉത്തരം കിട്ടുവാൻ ബുദ്ധിമുട്ടുള്ള ഇത്തരം നിരവധിചോദ്യങ്ങളാകും ദിനം പ്രതി നമ്മുടെ മനസ്സിൽ വന്നു നിറയുക.

ഇതിനൊക്കെ ഇന്റലിജന്റ് ആയ പരിഹാരവുമായി ഉടൻ രംഗത്തെത്താൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. അതെ, ഇതിനൊക്കെ ഉള്ള പരിഹാരവും സാധ്യതകളും മൊബൈൽ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന അന്തിമഘട്ട പരീക്ഷണങ്ങളിലാണ് ജിയോയുടെ ഗവേഷണ വിഭാഗം നവി മുംബൈയിൽ. മൊബൈൽ സേവന ദാതാക്കൾ എന്നതിനുമപ്പുറം പൊതു സ്വകാര്യ ഗതാഗത സുരക്ഷ, ഭവന സുരക്ഷാ നിയന്ത്രണ മേഖലകളിലേക്ക് കൂടി ഒരു ജൈത്രയാത്രക്കൊരുങ്ങുകയാണ് റിലയൻസ് ജിയോ.

കുട്ടികൾ സ്വകാര്യ വാഹനത്തിലായാലും പൊതു വാഹന സംവിധാനത്തിലായാലും സ്‌കൂളിലെത്തി തിരികെ എത്തുന്നത് വരെ മാതാപിതാക്കൾക്ക് ആധിയാണ്. അതിനു ജിയോയുടെ ഗവേഷണ വിഭാഗം നൽകുന്ന മറുപടി ചെറിയ ഒരു ഡോങ്കിളിന്റെ വലിപ്പമുള്ള ജിയോ സിം അധിഷ്ഠിത ഉപകരണത്തിലൂടെയാണ്. കാറിനുള്ളിൽ ഘടിപ്പിക്കുന്ന ഈ ഉപകരണം നിരന്തരം ഉപഭോക്താവിന്റെ സമ്പർക്കത്തിലായിരിക്കും. കുട്ടികളുമായി ഡ്രൈവർ എത്ര മണിക്ക് സ്‌കൂൾഗേറ്റിനു മുന്നിലെത്തി? കാറിന്റെവേഗത എത്ര ആയിരുന്നു?

തിരികെ ഡ്രൈവർ വേറെ എവിടെയെങ്കിലും കറങ്ങാൻപോയോ എന്നീ വിവരങ്ങൾ തത്സമയം മൊബൈലിൽ ലഭിക്കും വിധമാണ് സംവിധാനം. കാറിനു എന്തെങ്കിലും യന്ത്ര തകരാൻ ഉണ്ടാകാനിടയുണ്ടോ, അടിയന്തിരമായി ഓയിൽ മാറ്റം അടക്കം കാറിലെ എൻജിനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന വിവരങ്ങളും അപ്‌ഡേറ്റ് ആയി തന്നെ ഉപഭോക്താവിന് ലഭിക്കും. സ്‌കൂൾ ബസ്സുകളിലും പൊതു ഗതാഗത വാഹന സംവിധാനങ്ങളിലുമൊക്കെ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന. ഇതിനു പുറമെയാണ് സുരക്ഷയുടെയും ഭവന പരിപാലനത്തിന്റെയും മേഖലയിലുള്ള ജിയോയുടെ ഗവേഷണങ്ങൾ.

ഇപ്പോൾ തന്നെ മുംബയിൽ വീടുകളിൽ സ്ഥാപിച്ചു തുടങ്ങിയ ജിഗാ ഫൈബർ ഒപ്റ്റിക്കൽ ബോക്സ് വഴിയാകും ഇത് സാധ്യമാക്കുക. ജിയോയുടെ ഗവേഷണ സംഘം ഇതിന്റെയും അന്തിമ ഘട്ട മിനുക്കുപണികളിലാണ്. വീട്ടിൽ ടി.വി ക്കു മുന്നിൽ സ്ഥാപിക്കുന്ന ചെറിയ ഒപ്റ്റിപിക്കൽ ബോക്സിൽ നിന്നും വൈഫൈ, വയർലെസ്സ് സംവിധാനങ്ങൾ വഴിയാകും ഭവന നിയന്ത്രണം. ഉപഭോക്താവ് ഓഫീസിലോ ദൂരത്തോ ആയിരിക്കുമ്പോൾ ഇനി ജോലിക്കാരി വീട്ടിലെത്തിയാൽ എങ്ങനെ കാര്യങ്ങൾ മാനേജ് ചെയ്യും എന്നോർത്തും ടെൻഷൻവേണ്ട. ജിയോ നൽകും മുൻ വാതിലിന്റെ നമ്പർ ലോക്ക് ഉള്ള വിദൂര നിയന്ത്രിത പൂട്ട്. ജോലിക്കാരി എത്തി ഡോറിൽ താൻ വന്നതായി മുന്നറിയിപ്പ് നൽകിയാൽ ഉപഭോക്താവിന്റെ മൊബൈലിലേക്ക് മുൻ വാതിൽ ദൃശ്യങ്ങളടക്കം വീഡിയോ, ടെക്സ്റ്റ് സന്ദേശങ്ങൾ എത്തും. ഉപഭോക്താവിന് തന്റെ മൊബൈൽ വഴി പാസ്‌വേർഡ് നൽകിഡോർ തുറന്നു നൽകാം.

ഇനിജോലിക്കാരി കിടപ്പു മുറിയോ മറ്റോ തത്കാലം വൃത്തിയാക്കേണ്ടതില്ലെങ്കിലോ, മറ്റെന്തെങ്കിലും നിർദേശങ്ങൾ നല്കണമെങ്കിലോ എത്താത്തത് നിരീക്ഷണ കാമറകളിലൂടെ ശബ്ദ സന്ദേശങ്ങൾ നൽകാം. ഇനി നമ്മുടെ സമയകേടിനു കിടപ്പുമുറിയിലെ അലമാര ആരെങ്കിലും തുറക്കാൻ ശ്രമം നടത്തിയാൽ അതു സന്ദേശമായി മൊബൈലിൽ മുന്നറിയിപ്പെത്തും. അത്‌പോലെ തന്നെ വീട്ടിലെ ഔട്ട്‌ഡേറ്റഡ് ആയ പഴയ ടി വി, മ്യൂസിക് സിസ്റ്റം, ഡി വി ഡി എന്നിവയൊക്കെ എന്ത് ചെയ്യണം എന്ന കാര്യത്തിലും വിഷമിക്കേണ്ട. പുതിയവതേടി വിപണിയിൽ അലയേണ്ടതുമില്ല. ജിയോ വികസിപ്പിചെടുക്കുന്ന ചെറിയ പോഡ് ഏതു ടിവി യിലും മ്യൂസിക് സിസ്റ്റത്തിലും ഘടിപ്പിക്കും.

അത് വയർ ലെസ്സ് സംവിധാനം വഴി ജിഗാ ഫൈബർബോക്സുമായി ബന്ധപെട്ടു വീണ്ടും പ്രവർത്തിച്ചു തുടങ്ങും. ചുരുക്കത്തിൽ വെറുമൊരു ജിഗാ ഫൈബെർ ബോക്സിലൂടെ കുറഞ്ഞ ചിലവിൽ നമ്മുടെ വീടിനെ ഹൈ ടെക്ക് ആക്കി മാറ്റാം എന്നാണ് ജിയോയുടെ വാഗ്ദാനം. ഇതും അധികം താമസിയാതെ തന്നെ യാഥാർഥ്യമാക്കുവാനാണ് ജിയോയുടെ ശ്രമങ്ങൾ. സർക്കാർ ഭക്ഷ്യ വിതരണ സംവിധാനങ്ങളെയും വൻകിട സാധന സംഭരണ വിപണന സംവിധാനങ്ങളെയും ഗ്രാമങ്ങളിലെ വരെ സാധാരണ കച്ചവടക്കാരുമായിനേരിട്ട് ബന്ധിപ്പിക്കുന്ന ജിയോ മർച്ചന്റ് സംവിധാനവും ഉടൻ നിലവിൽ വരും . ഇതിനായി ജിയോ വികസിപ്പിച്ചെടുക്കുന്ന പി ഓ എസ് മെഷീൻ അന്തിമ മിനുക്കു പണികളിലാണ്.

ഗ്രാമങ്ങളിലെ കച്ചവടക്കാർക്ക് ഈ സംവിധാനം വഴിനേരിട്ടു പലചരക്കു സാധനങ്ങൾ മൊത്ത വിലക്കു ഓർഡർ ചെയ്യാം. അത് ജിയോ സംവിധാനങ്ങൾ വഴിനേരിട്ട് കച്ചവടക്കാരന് എത്തിച്ചു കൊടുക്കും. കച്ചവടക്കാരന് ഈ സാധനങ്ങൾ അതെ ശ്രിംഖല വഴി ഉപഭോക്താവിന്റെ വീട്ടു പടിക്കൽ എത്തിച്ചു നൽകാനോ തന്റെ കടയിലൂടെ വിൽക്കണോ സാധിക്കും വിധം ലളിതമാണ് ബാർകോഡ് സ്‌കാനിങ് സംവിധാനമുള്ള ജിയോ മർച്ചന്റ് സംവിധാനം. ഇതോടെ റിലയൻസ് ജിയോ തങ്ങളുടെ മൊബൈൽ ഫോണുകൾക്കുമപ്പുറം രാജ്യത്തെ സാധാരണക്കാരുടെ ജീവിത ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്.