മുംബയ്: മുംബയ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം മിലിന്ദ് ദേവ്റ രാജിവച്ചു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കണമെന്ന് അദ്ദഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹത്തിന്റെ രാജി. പാർട്ടിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്ന് ദേവ്റെ പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സ്ഥാനം രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിന്ധ്യയുടെ രാജി എന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ കനത്ത തോൽവിയെ തുടർന്നായിരുന്നു ഇത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്‌റിയ, വിവേക് തൻഖ തുടങ്ങിയ മറ്റു പല മുതിർന്ന നേതാക്കളും രാജിവച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിയിൽ നിരവധി നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും താൻ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത കത്തിൽ വ്യക്തമാക്കിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത പല നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്.