വിതുര: പേപ്പാറയിലെ വാഴ്‌വന്തോൾ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ഏറെ പ്രിയമാവുകയാണ്. ഇവിടേക്ക് എത്തിയ സഞ്ചാരികൾ പകർന്ന വിവരണങ്ങളാണ് മറ്റുള്ളവരെ വാഴ്‌വന്തോളിലേക്ക് ആകർഷിക്കുന്നത്. ബോണക്കാട് ചാമ്പനപ്പാറ മലനിരയിൽ നിന്ന് ഉത്ഭവിച്ച് വാഴ്‌വന്തോളിൽ ഒഴുകിയെത്തി പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറി താഴേക്ക് പതിക്കുന്ന ഇൗ വെള്ളച്ചാട്ടത്തിന്റെ അഴക് മറ്റാരു വെള്ളച്ചാട്ടത്തിനുമില്ല എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഒരിക്കൽ ഇൗ വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ വീണ്ടും വീണ്ടും മലകയറി ഇവിടെ എത്തും.
അഡ്വഞ്ചർ ടൂറിസം മേഖലകൂടിയാണ് വാഴ്‌വന്തോൾ. നിബിഡ വനപ്രദേശത്താണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പാറക്കൂട്ടങ്ങൾക്കും വൻമരങ്ങൾക്കും കെട്ടുപിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികൾക്കുമിടയിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. സുരക്ഷ മുൻനിറുത്തി ജൂൺ, ജൂലായ് മാസങ്ങളിൽ ഇവിടെ പ്രവേശനം അനുവദിക്കാറില്ല. യാത്രയ്ക്കിടയിൽ ചിലപ്പോൾ വന്യജീവികളെയും കാണാം. വെള്ളച്ചാട്ടം കാണാനെത്തിയ യുവ സംഘത്തെ കാട്ടാനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പൊൻമുടിയിലെത്തുന്ന സംഘങ്ങൾ ഈ വെള്ളച്ചാട്ടവും സന്ദർശിക്കാൻ എത്താറുണ്ട്. പേപ്പാറ ഡാമിനെ ജലസമൃദ്ധമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതും വാഴ്‌വന്തോൾ വെള്ളച്ചാട്ടമാണ്.
പത്തു പേർ അടങ്ങുന്ന സംഘത്തിന് 1000 രൂപ
വാഴ്‌വന്തോൾ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനായി വനംവകുപ്പ് പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തു പേരടങ്ങുന്ന സംഘത്തിന് ആയിരം രൂപയാണ് ഫീസ്. വിതുരയിൽ നിന്ന് ബോണക്കാട് റൂട്ടിൽ കാണിത്തടം ചെക്ക് പോസ്റ്റിൽ എത്തി പാസ് വാങ്ങണം. അപകടസാദ്ധ്യത മുൻനിറുത്തി വനംവകുപ്പ് ഗൈഡുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കാണിത്തടത്തിൽ നിന്ന് അരക്കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ച് ചാത്തൻകോട്ട് എത്തി പിന്നീട് രണ്ടരകിലോമീറ്റർ വനത്തിലൂടെ നടന്നാണ് വാഴ്‌വന്തോളിൽ എത്തേണ്ടത്. വനത്തിൽ തീകത്തിക്കാനോ, ഒൗഷധ സസ്യങ്ങൾ ശേഖരിക്കുവാനോ അനുവദിക്കില്ല. കാണിത്തടം ചെക്ക് പോസ്റ്റ് നമ്പർ: 8547602948.
തിരുവനന്തപുരത്തു നിന്ന് 50 കി.മീ
വിതുരയിൽ നിന്ന് 13 കി.മീ
പ്രകൃതിക്ക് കോട്ടം തട്ടാത്ത വികസനം സാദ്ധ്യമാക്കും : കെ.എസ്. ശബരീനാഥൻ എം.എൽ.എ
പ്രകൃതിരമണീയമായ വാഴ്‌വന്തോൾ വെള്ളച്ചാട്ടം കാണാൻ ധാരാളം ടൂറിസ്റ്റുകൾ എത്തുന്നത് മുൻനിറുത്തി വനംവകുപ്പുമായി ബന്ധപ്പെട്ട് ഇവിടെ പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുൻകൈയെടുക്കും.
മാത്രമല്ല സഞ്ചാരികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബോണക്കാട് - വിതുര റോഡ് 26 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്നുണ്ട്. റോഡ് ടാറിംഗ് നടത്തുന്നതോടെ ടൂറിസ്റ്റുകളുടെ യാത്രാ സൗകര്യം മെച്ചപ്പെടും. വാഴ്‌വന്തോൾ വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ആരായുവാൻ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെടും