sapna-

ന്യൂഡൽഹി: ഗായികയും നർത്തകിയുമായ സപ്ന ചൗധരി ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയുടെ ഡൽഹി വിഭാഗം മേധാവി മനോജ് തിവാരിയുടെ നേതൃത്വത്തിൽ ജവർഹലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന അംഗത്വവിതരണച്ചടങ്ങിലായിരുന്നു സപ്നയുടെ ബി.ജെ.പി പ്രവേശനം. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബി.ജെ.പി ജനറൽ സെക്രട്ടറി റാംലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ''രണ്ടുതവണ ചിന്തിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ബി.ജെ.പിയുടെ പ്രവർത്തനത്തിൽ ഞാൻ ആകൃഷ്ടയായി. ഇത് വളരെ മഹത്തായ ഒരു പാർട്ടിയാണ്. "- അംഗത്വം സ്വീകരിച്ചുകൊണ്ട് സപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ ഡൽഹിയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മനോജ് തിവാരിക്കുവേണ്ടി സപ്ന റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ, യു.പിയിലെ കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ, സപ്ന, പ്രിയങ്കാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരുന്നു. യു.പിയിലെ മധുരയിൽ ബി.ജെ.പി സ്ഥാനാർത്ഥി ഹേമ മാലിനിക്കെതിരെ കോൺഗ്രസ് ടിക്കറ്റിൽ സപ്ന മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, വാർത്താസമ്മേളനം വിളിച്ച് തന്റെ കോൺഗ്രസ് പ്രവേശനത്തെ സപ്ന നിഷേധിച്ചിരുന്നു. ടെലിവിഷൻ ഷോയായ ബിഗ് ബോസിന്റെ 2018ലെ പതിപ്പിലൂടെ പ്രശസ്തയായ ആളുകൂടിയാണ് സപ്‌ന ചൗധരി.