ടെഹ്റാൻ: 2015 ലെ ആണവകരാറിൽ പറയുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഇറാൻ. തയാറെടുപ്പുകൾ പൂർത്തിയായതായും മണിക്കൂറുകൾക്കകം 3.67 ശതമാനമെന്ന കരാർ ലംഘിച്ച് കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ ആരംഭിക്കുമെന്നും ഇറാന്റെ ആണവ ഏജൻസി വക്താവ് ബെഹ്‌റൂസ് അറിയിച്ചു. യുറേനിയം സമ്പൂഷ്ടീകരണം സംബന്ധിച്ച കരാർ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ഇറാൻ തങ്ങളുടെ നീക്കം ഊർജിതമാക്കിയത്. 2015ലെ ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും തങ്ങൾക്കെതിരായ ഉപരോധങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിയന്ത്രണ പരിധികൾ ലംഘിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാൻ ആണവായുധ നിർമ്മാണം കുറച്ചാൽ അവർക്ക് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015ലെ കരാർ. കഴിഞ്ഞ വർഷമാണ് അമേരിക്ക കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയത്. മാത്രമല്ല, ഇറാനുമേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറിൽ ഒപ്പിട്ടിട്ടുള്ളത്.
ജൂലായ് 7 മുതൽ ആണവകരാർ വ്യവസ്ഥകളിൽ നിന്നുള്ള പിന്മാറ്റം ആരംഭിക്കുമെന്നും കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും കഴിഞ്ഞദിവസങ്ങളിൽ ഇറാൻ പ്രഖ്യാപിച്ചത്. 3.76 ശതമാനം യുറേനിയമേ സമ്പുഷ്ടീകരിക്കാവൂ എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ, ഇത് രാജ്യത്തിന് ആവശ്യമുള്ളളത്രയും അളവിൽ വർദ്ധിപ്പിക്കുമെന്നാണ് ഇപ്പോൾ ഇറാൻ നിലപാടെടുത്തിരിക്കുന്നത്. അതേസമയം, ഇറാന്റെ നീക്കത്തിനെതിരെ ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആത്യന്തികമായി വഷളാവുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ യുറേനിയം സമ്പൂഷ്ടീകരിക്കാനുള്ള തീരുമാനം ഇറാന് കനത്ത തിരിച്ചടിയാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശംവയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് യു.എന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് കഴിഞ്ഞദിവസം ഇറാൻ പരസ്യമായി സമമ്മതിക്കുകയും ചെയ്തിരുന്നു.
ചർച്ചയുമായി മാക്രോണും
ആണവ കരാർ ദുർബലമായാൽ ഉണ്ടായേക്കാവുന്ന അപകടത്തെകുറിച്ചും തുടർന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി ചർച്ച നടത്തി. ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ച മാക്രോൺ മറ്റ് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ചർച്ചകൾ പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ്.