world-cup-cricket-2019

ലോകകപ്പ് ക്രിക്കറ്റിൽ സെമിഫൈനലിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഏറെ ബഹുമുതികൾ സ്വന്തമാക്കിയാണ് ബംഗ്ലാദേശ് പടിയിറങ്ങുന്നത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരക്കുകയാണ് പ്ലാനിംഗ് ബോർഡ് അംഗവും കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ.ബി. ഇക്ബാൽ.

"ലോക ക്രിക്കറ്റ് കപ്പിൽ നിന്നും പുറത്തായെങ്കിലും വമ്പൻ രാജ്യങ്ങളെ അതിശയിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവച്ചിരിക്കുന്നത്. ഉദ്ഘാടന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെയും പിന്നീട് വെസ്റ്റിൻഡീനെയും പരാജയപ്പെടുത്തി. കരുത്തരായ ആസ്ട്രേലിയയെ വിറപ്പിച്ച് വിട്ടു. ഇംഗ്ലണ്ടിനോട് നന്നായി പൊരുതി. ലോകകപ്പിനെ അവിസ്മരണമാക്കിയ ബംഗ്ലാദേശ് കളിക്കാരൻ ഷാക്കിബ് അൽ ഹസൻ കൈവരിച്ച വിസ്മയകരമായ നേട്ടങ്ങൾ നോക്കൂ. രണ്ടു സെഞ്ചുറി, അഞ്ചു അർധസെഞ്ചുറി"-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥമൂലം ലോകത്തെ ഏറ്റവും അവികസിത രാജ്യങ്ങളിലൊന്നായിരുന്നു ജന്മം കൊണ്ട നാൾ മുതൽ ബംഗ്ലാദേശ്. ലോകത്തിന്റെ ചവറ്റു കുട്ട എന്ന് വിളിച്ച് ബംഗ്ലാദേശിനെ പല വിദഗ്ദരും അപമാനിച്ചിരുന്നു. നിരന്തരമുള്ള വെള്ളപ്പൊക്കവും രാഷ്ടീയാസ്ഥിരതയും രാജ്യത്തിന്റെ വികസനത്തെ നിരന്തരം പുറകോട്ടടിച്ച് കൊണ്ടിരുന്നു. സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിച്ചിരുന്ന ചില സന്നദ്ധസംഘടനകൾ മാത്രമായിരുന്നു ജനങ്ങൾക്ക് ഏക ആശ്രയമായിട്ടുണ്ടായിരുന്നത്. സർക്കാരിതര സംഘടനകൾ ഭരിക്കുന്ന രാജ്യം (NGOs ruling country) എന്നും ബംഗ്ലാദേശിനെ പലരും കളിയാക്കി വിശേഷിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ എതാനും വർഷക്കാലമായി ബംഗ്ലാദേശിന്റെ മനുഷ്യവികസന സൂചികയിലെല്ലാം പ്രകമായ മാറ്റം കണ്ട് തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ നിലവാരം ഇപ്പോൾ പാകിസ്ഥാനടക്കം പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്ന ബംഗ്ലാദേശിന്റെ മികവ് ഇതാ ക്രിക്കറ്റിലും പ്രതിഫലിച്ചിരിക്കുന്നു.

ലോക ക്രിക്കറ്റ് കപ്പിൽ നിന്നും പുറത്തായെങ്കിലും വമ്പൻ രാജ്യങ്ങളെ അതിശയിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവച്ചിരിക്കുന്നത്. ഉദ്ഘാടന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെയും പിന്നീട് വെസ്റ്റിൻഡീനെയും പരാജയപ്പെടുത്തി. കരുത്തരായ ആസ്ട്രേലിയയെ വിറപ്പിച്ച് വിട്ടു. ഇംഗ്ലണ്ടിനോട് നന്നായി പൊരുതി. ലോകകപ്പിനെ അവിസ്മരണമാക്കിയ ബംഗ്ലാദേശ് കളിക്കാരൻ ഷാക്കിബ് അൽ ഹസൻ കൈവരിച്ച വിസ്മയകരമായ നേട്ടങ്ങൾ നോക്കൂ. രണ്ടു സെഞ്ചുറി, അഞ്ചു അർധസെഞ്ചുറി.

11 വിക്കറ്റ് ശരാശരി 86.57. സ്ട്രൈക്ക് റേറ്റ് 96.03. 606 റൺസ്. 11 വിക്കറ്റ്... വമ്പൻ ടീമുകളുടെ ഏത് ഓൾ റൗണ്ടർക്കുണ്ട് ഇതുപോലൊരു കളി മികവ്? ഏതു വമ്പൻ ടീമിനുണ്ട് മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്നയാളിൽ നിന്ന് ഇതുപോലൊരു സ്വപ്ന നേട്ടം?

ലോക കപ്പിൽ പത്തുവിക്കറ്റും 600 റൺസും കൈവരിക്കുന്ന ആദ്യ താരം തുടങ്ങി ബഹുമതികൾ ഏറെ കൈവരിച്ചാണ് സെമിഫൈനലിൽ കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ആർക്കും മുന്നിൽ തലകുനിക്കാതെ ഉജ്വല പോരാളിയുടെ പരിവേഷമണിഞ്ഞ ഷാക്കിബ് അൽ ഹസനും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങുന്നത്.