ന്യൂഡൽഹി: പതിമൂവായിരം കോടിയുടെ വായ്പാ തട്ടിപ്പിനു വേദിയായ പഞ്ചാബ് നാഷണൽ ബാങ്കിൽ (പി.എൻ.ബി) വീണ്ടും കോടികളുടെ തട്ടിപ്പ്. ന്യൂഡൽഹി ആസ്ഥാനമായ ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനി, ബാങ്കിന്റെ മൂന്നു ശാഖകളിൽ നിന്നായി 3813 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നു വ്യക്തമാക്കി പി.എൻ.ബി അധികൃതർ റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകി. പി.എൻ.ബിയെ കബളിപ്പിച്ച് 13,000 കോടി തട്ടിയ വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും രാജ്യം വിട്ടത് കഴിഞ്ഞ വർഷമാണ്.
സി.ബി.ഐ നടത്തിയ ഫോറൻസിക് ഓഡിറ്റ് പരിശോധനയിൽ ഫണ്ട് വഴിതിരിച്ചു വിട്ട് നടത്തിയ തട്ടിപ്പ് വ്യക്തമായതിനെ തുടർന്ന് കമ്പനിയുടെ ഡയറക്ടർമാരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ചണ്ഡിഗഢിലെ മുഖ്യ ശാഖയിൽ നിന്ന് 3200 കോടി രൂപയും, ദുബായ് ശാഖയിൽ നിന്ന് 345 കോടിയും, ഹോങ്കോംഗ് ശാഖയിൽ നിന്ന് 268 കോടിയുമാണ് തട്ടിച്ചത്. കഴിഞ്ഞ വർഷം ആദ്യം നീരവ് മോദി നടത്തിയ തട്ടിപ്പിലും ബാങ്കിന്റെ ഹോങ്കോംഗ് ശാഖ കണ്ണിയായിരുന്നു. ഫണ്ട് വഴിതിരിച്ചും അക്കൗണ്ട് രേഖകളിൽ തിരിമറി നടത്തിയുമാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ അംഗമായ പി.എൻ.ബിയെ ഭൂഷൺ കമ്പനി കബളിപ്പിച്ചത്. അതേസമയം, ഏതു കാലയളവിലാണ് തട്ടിപ്പു നടന്നതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ നടന്ന 13,000 കോടിയുടെ തട്ടിപ്പു കേസിൽ രാജ്യം വിട്ട് ലണ്ടനിലെത്തിയ നീരവ് മോദി അവിടെ ആഡംബര ജീവിതം നയിക്കുന്നതിന്റ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മോദി ലണ്ടനിൽ അറസ്റ്റിലാവുകയും ചെയ്തു. കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റേഴ്സ് മജിസ്ട്രേട്ട് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.
പാപ്പരായ ഭൂഷൺ കമ്പനി
കേന്ദ്രം കഴിഞ്ഞ വർഷം പാസാക്കിയ പുതിയ പാപ്പരത്ത നിയമമനുസരിച്ച് റിസർവ് ബാങ്ക് നടപടി സ്വീകരിച്ച 12 കമ്പനികളിലൊന്നാണ് ഭൂഷൺ പവർ. സഞ്ജയ് സിംഗാൾ, നീരജ് സിംഗാൾ സഹോദരന്മാർ ഡയറക്ടമാരായിരുന്ന ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനി വർഷങ്ങൾക്കു മുമ്പ് ബിസിനസ് വിഭജിക്കുകയും നീരജ് സിംഗാൾ കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഭൂഷൺ സ്റ്റീൽ പ്രൊമോട്ടർമാർക്ക് എതിരെ ഗുരുതരമായ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സി.എഫ്.ഐ.ഒ ഡൽഹി കോടതിയിൽ ഒരാഴ്ച മുമ്പാണ് ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.