കൊല്ലം : വിനയവും ലാളിത്യവും കൈമുതലാക്കിയ സി. കേശവനെയും ധിക്കാരവും ധാർഷ്‌ട്യവും അടയാളമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെയും ജനങ്ങൾ താരതമ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി. കേശവന്റെ 50-ാം ചരമവാർഷികാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങൾക്കും തുല്യ നീതി ഉറപ്പാക്കിയ ഉജ്ജ്വല പ്രഭാവനായ ഭരണാധികാരിയായിരുന്നു സി. കേശവൻ. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്തവായിരുന്ന സി. കേശവന്റെ ജീവിതം പുതുതലമുറ ഗ്രഹിക്കണം. പൊലീസ് രാജ് നടപ്പിലാക്കാൻ ശ്രമിക്കുന്ന പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സി. കേശവന്റെ മയ്യനാട്ടെ വസതിയിലെ സ്‌മൃതി മണ്ഡപത്തിൽ മുല്ലപ്പള്ളിയും കോൺഗ്രസ് പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. സി. കേശവന്റെ മകൾ ഇന്ദിരക്കുട്ടിയെ സന്ദർശിച്ചശേഷമാണ് മുല്ലപ്പള്ളി സമ്മേളന വേദിയിലേക്ക് പോയത്. മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലെത്തിയവർക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അംഗത്വം നൽകി.
ശൂരനാട് രാജശേഖരൻ, അഡ്വ. എ. ഷാനവാസ്ഖാൻ, ജി. രതികുമാർ, അഡ്വ. കെ. ബേബിസൺ, എൻ. അഴകേശൻ, സൂരജ് രവി, എം.എം. സഞ്ജീവ് കുമാർ, ജെ. ജയപ്രകാശ്, ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ഡി.വി. ഷിബു, ആർ.എസ്. അബിൻ, മയ്യനാട് സുനിൽ, ശങ്കരനാരായണപിള്ള, ബിജു ലൂക്കോസ്, കെ.ബി. ഷഹാൽ, എം. നാസർ, ക്രിസ്റ്റി വിൽഫ്രഡ്, ലീന ലോറൻസ്, ഷജാസ് തുടങ്ങിയവർ സംസാരിച്ചു.