കൊല്ലം: ഓച്ചിറയിലെ അറബിക് കോളേജിലെ വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കി. 260 കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനത്തിൽ പനി, തൊണ്ടവേദന തുടങ്ങിയ അസ്വസ്ഥതകളുള്ള 36 പേർക്ക് 14 ദിവസം എറിത്രോമൈസിൻ മരുന്ന് നൽകും. ടി.ഡി വാക്സിനും നൽകി. 224 പേർക്ക് ലക്ഷണങ്ങളില്ലെങ്കിലും 10 ദിവസം എറിത്രോമൈസിൻ നൽകും.
ഈ മാസം രണ്ടിനാണ് പത്തനാപുരം സ്വദേശിയായ പതിനൊന്നുകാരനെ പനിയും തൊണ്ടവേദനയുമായി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റി. അവിടത്തെ പരിശോധനയിലാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന അഞ്ചുപേരുടെയും രോഗബാധിതന്റെ സഹോദരന്റെയും തൊണ്ടയിലെ സ്രവം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലേക്കയച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തുന്നത്.
കുത്തിവയ്പെടുത്തില്ല
പ്രതിരോധ കുത്തിവയ്പെടുക്കാത്ത കുട്ടിക്കാണ് ഡിഫ്തീരിയ ബാധിച്ചതെന്ന് ഡി.എം.ഒ ഡോ. വി.വി. ഷേർളി സ്ഥിരീകരിച്ചു.
എന്താണ് ഡിഫ്തീരിയ
തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ പ്രധാനമായും ബാധിക്കുന്നത് കുട്ടികളെ.
രോഗമുണ്ടാക്കുന്നത് തൊണ്ടയിലുള്ള ശ്ലേഷചർമ്മത്തിൽ പെരുകുന്ന കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ
രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന ചെറുകണികകൾ, സ്രവം പുരണ്ട പാത്രങ്ങൾ, ടൗവൽ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയിലൂടെ പടരാം.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പടരാൻ സാദ്ധ്യത.
ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമ്പോഴാണ് മരണമുണ്ടാകുന്നത്. ശ്വാസ തടസവും തളർച്ചയും അനുഭവപ്പെട്ടാലും മരണമുണ്ടാകാം.
ഒരിടത്ത് രോഗബാധയുണ്ടായാൽ തൊണ്ടവേദനയും പനിയുമുള്ള എല്ലാവരിലും സംശയിക്കാം.
തൊണ്ടയിലെയോ മൂക്കിലെയോ സ്രവങ്ങൾ പരിശോധിച്ച് രോഗം നിർണയിക്കാം.
ആന്റി സിറം കുത്തിവയ്പാണ് പ്രധാന ചികിത്സ. ആന്റിബയോട്ടിക്കുകളും നൽകണം. രോഗിയെ മാറ്റിപ്പാർപ്പിച്ച് രണ്ടാഴ്ച പൂർണ വിശ്രമം നൽകണം. ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകണം.
സർക്കാർ ആശുപത്രികളിലെ സൗജന്യ പ്രതിരോധ കുത്തിവയ്പുകളിലൂടെ കുട്ടികൾക്കും ഗർഭിണികൾക്കും രോഗത്തെ പ്രതിരോധിക്കാം.
മുമ്പ് മലപ്പുറത്തും എറണാകുളത്തും
2000 മുതൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപകമായത് 2016 മുതലാണ്. 2016ൽ മലപ്പുറത്തും 2017ൽ എറണാകുളത്തും ഡിഫ്തീരിയ ബാധിച്ച് കുട്ടികൾ മരിച്ചു. കോഴിക്കോട്ടും പാലക്കാട്ടും രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിരോധ കുത്തിവയ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. എന്നിട്ടും കുത്തിവയ്പ് എടുക്കാതിരുന്നത് ഗൗരവത്തോടെ കാണുന്നു. പ്രതിരോധ കുത്തിവയ്പ് കുട്ടികളുടെ ജന്മാവകാശമാണ്. അത് നിഷേധിക്കരുത്.
-ഡോ. വി.വി. ഷേർളി, ജില്ലാ മെഡിക്കൽ ഓഫീസർ