bajaj

അവിശ്വസനീയ മൈലേജുമായി സാധാരണക്കാരന്റെ ബൈക്ക് യാത്രയ്ക്ക് തിളക്കം നൽകിയ മോട്ടോർസൈക്കിളാണ് ബജാജിന്റെ പ്ളാറ്റിന. ലിറ്ററിന് 100ലേറെ കിലോമീറ്റർ മൈലേജ് സമ്മാനിച്ചാണ് പ്ളാറ്റിന ആദ്യമായി വിപണിയിലേക്ക് ചുവടുവച്ചത്. ബൈക്ക് യാത്ര ഒരു ഹരമായി കണ്ടവരല്ല, ജോലിക്കും പഠനാവശ്യങ്ങൾക്കും മറ്റുമായി ദൈനംദിന യാത്രകൾ നടത്തുന്നവരാണ് പ്ളാറ്റിനയെ കൂടുതലും നെഞ്ചോട് ചേർത്തത്.

ദശാബ്‌ദത്തിന് മുമ്പ് 100 സി.സി ശ്രേണിയിലാണ് ബജാജിന്റെ ഈ 'മൈലേജ് ചാമ്പ്യൻ" വിപണിയിലെത്തിയത്. പിന്നീട്, 110 സി.സി വേരിയന്റും അവതരിച്ചു. ഇപ്പോൾ, 110 സി.സി വിഭാഗത്തിൽ തന്നെ അടിമുടി മാറ്റവുമായി, പ്ളാറ്റിന 110 എച്ച് ഗിയ‌ർ വേർഷനെയും പരിചയപ്പെടുത്തുകയാണ് ബജാജ്. വില്‌പനയിൽ ഇപ്പോഴും ബജാജിന് വൻ മൈലേജ് സമ്മാനിക്കുന്ന ശ്രേണിയാണ് പ്ളാറ്റിനയുടേത്. ഇക്കഴിഞ്ഞ മേയിൽ 97 ശതമാനമായിരുന്നു പ്ളാറ്റിനയുടെ വില്‌പന വളർച്ച. 2018 മേയിലെ 30,412 യൂണിറ്റുകളിൽ നിന്ന് 59,938 യൂണിറ്റുകളിലേക്കാണ് വില്‌പന കുതിച്ചത്.

ഈ കണക്കുകൾ ബജാജിന് നൽകുന്ന ആത്‌മവിശ്വാസമാണ് പ്ളാറ്റിന 110 എച്ച് ഗിയറിന്റെ പിറവി രഹസ്യം. അഞ്ച് ഗിയറുകളാണ് പ്ളാറ്റിനയുടെ മറ്റ് മോഡലുകളിൽ നിന്ന് എച്ച് ഗിയർ വേർഷനെ വേറിട്ടു നിറുത്തുന്നത്. അതു തന്നെയാണ് പ്രധാന മാറ്റവും. എന്നാൽ, 100-110 സി.സി ബൈക്കുകളിൽ കാണുന്ന, പതിവ് ഗിയർ ഷിഫ്‌റ്രിംഗ് ശൈലി തന്നെയാണ് ഈ മോഡലിലും കാണാനാവുക. അനലോഗും ഡിജിറ്റലും സമന്വയിക്കുന്ന ഇൻസ്‌ട്രുമെന്റ് കൺസോളാണ് മറ്റൊരു പുതുമ. ഡിജിറ്റൽ ഭാഗത്ത്, ഗിയർ പൊസിഷൻ, കിലോമീറ്റർ റീഡിംഗ്, സമയം, ഇന്ധന അളവ് എന്നിവ കാണാം.

രൂപകല്‌പന, പ്ളാറ്റിനയുടെ തനത് ശൈലിയിൽ തന്നെയാണ്. മുന്നിൽ, ഡിസ്‌ക് ബ്രേക്കിന്റെ വലുപ്പം 220 എം.എമ്മിൽ നിന്ന് 240 എം.എം ആക്കിയിട്ടുണ്ട്. ഇന്ധനടാങ്കിൽ മനോഹരമായ ഗ്രാഫിക്‌സിന് പുറമേയായി ഗോൾഡൻ ഷെയ്‌ഡിൽ "പ്ളാറ്റിന" എന്ന് കൊത്തിവച്ചിരിക്കുന്നു. 'എച്ച് ഗിയർ" ഗ്രാഫിക്‌സ്, സീറ്രിന് താഴെ വശത്തായി പിൻഭാഗത്ത് കാണാം. എന്താണ് ഈ എച്ച്? മറ്റൊന്നുമല്ല, 'ഹാപ്പി" റൈഡിംഗ്, അല്ലെങ്കിൽ 'ഹൈവേ" റൈഡിംഗ് ആസ്വാദനത്തെ സൂചിപ്പിച്ച് ബജാജ് നൽകിയിരിക്കുന്ന ചെറുനാമമാണ് എച്ച്; 'ഹൈവേ ഗിയർ" എന്നും വിശേഷണമുണ്ട്.

പേരിലെ എച്ച് സൂചിപ്പിക്കുന്നതു പോലെ, സ്‌മൂത്ത് ഷിഫ്‌റ്റിംഗ് ഗിയറുകളാണ് പുത്തൻ പ്ളാറ്റിനയ്ക്കുള്ളത്. ലിറ്ററിന് 84 കിലോമീറ്ററാണ് ബൈക്കിന്റെ സർട്ടിഫൈഡ് മൈലേജ്. ഹൈവേകളിൽ മാത്രമല്ല, ഏത് റോഡിനും അനുയോജ്യമാണ് പുതിയ പ്ളാറ്റിന. മണിക്കൂറിൽ 70 കിലോമീറ്രർ വേഗത്തിലും സുഖകരമായ റൈഡിംഗ് ബൈക്ക് പ്രദാനം ചെയ്യും. നാലാം ഗിയറിൽ നിന്ന് അഞ്ചിലേക്ക് മാറുമ്പോൾ, ഇൻസ്‌ട്രുമെന്റ് കൺസോളിൽ തെളിയുക 'H" എന്നാണ്! നീളവും വീതിയുമേറിയ സീറ്ര്,​ നൈട്രോക്‌സ് സസ്‌പെൻഷൻ എന്നിവയും മികച്ച യാത്രയ്ക്ക് അനുയോജ്യമാണ്. ഡിസ്‌കിന് പുറമേ,​ ഡ്രം വേരിയന്റും ലഭ്യമാണ്. ഡിസ്‌ക് വേരിയന്റിന് 56,​717 രൂപയും ഡ്രം വേരിയന്റിന് 54,​720 രൂപയുമാണ് എക്‌സ്‌ഷോറൂം വില.