karnataka

ബെംഗളൂരു: കർണാടകയിൽ 13 കോൺഗ്രസ് എം.എൽ.എമാരുടെ രാജി പ്രതിസന്ധിയിലാക്കിയ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാർ നിലനിറുത്താൻ വിലപേശലുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ.രാജിവെച്ച മുഴുവൻ എം.എൽ.എമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട്‌ മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തുടരുന്ന എം.എൽ.എമാരുമായി കോൺഗ്രസ് ജെ.ഡി.എസ് നേതാക്കൾ ചർച്ച തുടരുകയാണ് .

ഈ ഒത്തുതീർപ്പ് അംഗീകരിക്കപ്പെട്ടാൽ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്ക് തത്‌സ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വരും. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിറുത്തുക എന്ന എ.ഐ.സി.സി നിർദേശത്തെ തുടർന്നാണ് കോൺഗ്രസിന്റെ ഏറ്റവും പുതിയ ഒത്തുതീർപ്പു ഫോർമുല. ഇത് വിമതർ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ് ഇരുപക്ഷവും ഉറ്റുനോക്കുന്നത്. ഇതുവരെ വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കർണാടക കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നാണ് പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തുന്നത്‌. കെ.സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കൾ യോഗം ചേർന്നു. ഡി.കെ ശിവകുമാർ എം.എൽ.എമാരുമായും ജെ.ഡി.എസുമായും ചർച്ച തുടരുകയാണ്.

അതേസമയം വിദേശത്തായിരുന്ന മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഡൽഹിയിലെത്തി. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. ജെ.ഡി.എസ് എം.എൽ.എമാരുടെ അടിയന്തര യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

ജെ.ഡി.എസ് നേതാവ് ദേവഗൗഡ ജെ.ഡി.എസ്-കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തി. താൻ പൂർണ ആത്മവിശ്വാസത്തിലാണെന്നും എം.എൽ.എമാർ മടങ്ങി വരുമെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ വ്യക്തമാക്കി. ദേവഗൗഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാർ.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമത എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലിന് മുൻപിൽ പ്രതിഷേധിച്ചു. രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചൊവ്വാഴ്ചയാണ് എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുക.